• Sun. Oct 25th, 2026

24×7 Live News

Apdin News

ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍

Byadmin

Oct 24, 2026


മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തമിഴിലും മുൻനിര താരമായി തിളങ്ങിനിൽക്കുന്ന നടനാണ് വിനായകന്‍. 1995-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘മാന്ത്രികം’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

കോമഡി വേഷങ്ങളും പ്രതിനായക കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

‘കളങ്കാവൽ’ സിനിമയിലെ നത്ത്, ‘ആട്’ സിനിമയിലെ ഡ്യൂഡ്, ‘കമ്മട്ടിപ്പാടം’ സിനിമയിലെ ഗംഗ തുടങ്ങി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ വിനായകന്റേതായി മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

എന്നാൽ രാജ്യാന്തര തലത്തിൽ താരത്തിന് വലിയ ജനശ്രദ്ധ നേടിക്കൊടുത്തത് 2023-ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘ജയിലറാണ്’. ചിത്രത്തിൽ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് വിനായകന്‍ നടത്തിയ പ്രകടനം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

രജിനികാന്ത്, മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷെറോഫ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ തന്റെ അഭിനയമികവ് കൊണ്ട് വിനായകൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഇപ്പോഴിതാ, ‘മൈൽ സ്റ്റോൺ മേക്കേഴ്സിന്’ നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം രജനികാന്ത് തന്നോട് പറഞ്ഞ ചില പ്രത്യേക കാര്യങ്ങൾ ഓർത്തെടുക്കുകയാണ് വിനായകന്‍.

രജനികാന്തിന് ഏറെ ഇഷ്ടപ്പെട്ട മൂന്ന് വില്ലന്മാരിൽ താനും ഉൾപ്പെടുന്നുവെന്നും, അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നുവെന്നും താരം പറയുന്നു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ:

“രജിനി സാറിന് സിനിമാലോകത്ത് മൂന്ന് വില്ലന്മാരെയാണ് ഏറ്റവും ഇഷ്ടം. ഒന്ന് ‘ഷോലെ’ സിനിമയിലെ വില്ലനായ അംജദ് ഖാൻ. പിന്നെ രഘുവരൻ സാർ. രഘുവരൻ സാറിന്റെ ഭയങ്കര സുഹൃത്തായിരുന്നു അദ്ദേഹം.

ഏറ്റവും ഫ്രീക്കിഷും സ്റ്റൈലിഷുമായ ആർട്ടിസ്റ്റാണ് രഘുവരൻ സാർ. അതുകഴിഞ്ഞിട്ട് പുള്ളി എന്റെ പേരാണ് പറഞ്ഞത്. അതെനിക്ക് വലിയൊരു ബ്ലെസ്സിങ്ങായിരുന്നു.”

അതേസമയം, പ്രിൻസ് ജോയ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ‘ടൈറ്റൻസ്’ ആണ് വിനായകന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഫാന്റസി ജോണറിലൊരുങ്ങിയ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, നിഹാൽ നിസാം, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.







By admin