• Mon. Nov 16th, 2026

24×7 Live News

Apdin News

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

Byadmin

Nov 16, 2026


ഇന്ത്യക്കായി വീണ്ടും കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായപ്പോൾ നിരാശ ഉണ്ടായെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

“ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവുമെല്ലാം നഷ്ടപ്പെട്ട നിരാശ ഇപ്പോഴുമുണ്ട്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പാണ് എനിക്ക് സ്വന്തമാക്കാനായത്. ഇത്തരത്തിൽ നേട്ടം പലർക്കുമില്ല. എന്നിട്ടും സെലക്ടർമാർ മാറി ചിന്തിച്ചു.

ഇപ്പോൾ ഞാൻ മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നു. ദേശീയ ടീമിൽ തിരികെയെത്തുക എന്നതാണ് മോഹം. ഇന്ത്യക്കായി ഇനിയും കളിക്കുക എന്ന ലക്ഷ്യത്തിൽ തന്നെയാണ് എന്റെ നീക്കം. ബാക്കി സെലക്ടർമാർ തീരുമാനിക്കട്ടെ. എന്റെ ബാറ്റിംഗിലും ഫോമിലും എനിക്കിപ്പോഴും വിശ്വാസമുണ്ട്” സൂര്യകുമാർ യാദവ് പറഞ്ഞു.

2026 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ മുംബൈയെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തിലേക്ക് നയിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. വെറും 21 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസടിച്ചുകൂട്ടി തന്റെ ക്ലാസ് എന്താണെന്ന് ഒരിക്കൽക്കൂടി സ്‌കൈ തെളിയിച്ചു.

കഴിഞ്ഞ കുറച്ചുകാലമായി നേരിട്ട പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുമുള്ള ഏറ്റവും മികച്ച മറുപടിയായിരുന്നു താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. സ്വന്തം മണ്ണിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകൻ പിന്നീട് ടീമിൽ നിന്ന് പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു.

2026 മാർച്ച് 8-ന് ന്യൂസിലൻഡിനെതിരെയുള്ള ലോകകപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായതും, തുടർന്ന് വന്ന ഐപിഎൽ സീസണിലെ മോശം പ്രകടനവുമാണ് താരത്തിന് തിരിച്ചടിയായത്.

എന്നാൽ, ഈ പ്രതിസന്ധിക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും മകളുടെ ജനനവും കരിയറിനെക്കുറിച്ചുള്ള അമിതഭാരത്തിൽ നിന്ന് മാനസികമായി മോചനം നേടാൻ അദ്ദേഹത്തെ സഹായിച്ചു.







By admin