• Mon. Oct 19th, 2026

24×7 Live News

Apdin News

ഇന്ത്യക്കായി കളിക്കാൻ പൗരത്വം സ്വീകരിക്കണം; ബിസിസിഐ നിയമത്തിനെതിരായ ഹർജിയിൽ കോടതി

Byadmin

Oct 19, 2026


ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാൻ താല്പര്യമുണ്ടെങ്കിൽ ഓവർസീസ് സിറ്റിസെൻ ഓഫ് ഇന്ത്യ (OCI) കാർഡുകൾ ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ യുവതാരങ്ങൾക്ക് നിർദേശം നൽകി ബോംബെ ഹൈക്കോടതി.

ബിസിസിഐ നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കണമെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാക്കിയ ബിസിസിഐയുടെ തീരുമാനത്തിനെതിരെ 12 താരങ്ങളാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിൽ താമസിച്ചുകൊണ്ട് പഠിക്കുന്ന കവിൻ കാർത്തിക്കാണ് ഹർജിയിലെ ഒരാൾ. ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ മാത്രം അനുമതി ലഭിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിക്കുകയാണെങ്കിൽ ഐപിഎല്ലിൽ കളിക്കാൻ സാധിക്കുമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭകൾക്ക് ഒരു കുറവും ഇല്ലെന്നും കളിക്കാൻ താല്പര്യമുണ്ടെങ്കിൽ എന്തുകൊണ്ടാണ് പൗരത്വത്തിന് അപേക്ഷിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ജസ്റ്റിസ്, അദ്വൈത് സെഞ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് ചോദിക്കുകയും ചെയ്തു.

പൗരത്വം വേണോ ഒസിഐ കാർഡിൽ തുടരണോ എന്ന് താരങ്ങൾ തീരുമാനിക്കണമെന്നും ജസ്റ്റിസ് ത്രിപാഠി പറഞ്ഞുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023ൽ ബിസിസിഐ പുതിയ നിയമം നടപ്പാക്കിയതോടെ ഒസിഐ കാർഡ് ഉള്ള താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കാനുള്ള വഴി അടഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഇവർക്ക് സാധിക്കില്ലെന്ന് ബിസിസിഐക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബീരേന്ദ്ര ഷറഫ് കോടതിയെ അറിയിക്കുകയും ചെയ്തു.

താരങ്ങൾ നൽകിയ പൗരത്വ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്ന് കോടതി ബിസിസിഐ, കേന്ദ്രസർക്കാർ, ഹർജിക്കാർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു.







By admin