പട്ന: ബിഹാർ രാഷ്‌ട്രീയത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് ഔദ്യോഗികമായി വിരാമമാകുന്നു. സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
പട്നയിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് എൻഡിഎ നിയമസഭാ കക്ഷി നേതാവായി സമ്രാട്ട് ചൗധരിയെ തെരഞ്ഞെടുത്തത്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിന്റെ പേരിലാണ് മുന്നണി വിജയം നേടിയതെങ്കിലും, ഭരണമാറ്റത്തിനുള്ള കളമൊരുങ്ങൽ സംസ്ഥാനത്ത് നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്നാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്.