• Thu. Sep 17th, 2026

24×7 Live News

Apdin News

ഉപയോഗിച്ചാൽ ഉടൻ മുഖം വെളുക്കും; ഉല്‍പ്പന്നങ്ങളില്‍ മാരക വിഷാംശമായ മെര്‍ക്കുറി; നിരോധനം ലംഘിച്ച് ആമസോണിലും ടിക് ടോക്കിലും വില്‍പന പൊടിപൊടിക്കുന്നു

Byadmin

Sep 17, 2026


ന്യൂഡൽഹി: മുഖം പെട്ടെന്ന് വെളുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് ഓൺലൈൻ വിപണിയിൽ സജീവമായ സൗന്ദര്യവർദ്ധക ക്രീമുകളിൽ മാരക വിഷാംശമായ മെർക്കുറി അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്. ലോകത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ടെമു, ടിക്‌ടോക് ഷോപ്പ് എന്നിവയിലൂടെ നിരോധിക്കപ്പെട്ടതും അപകടകരവുമായ ഇരുപതിലേറെ ചർമ്മം വെളുപ്പിക്കുന്ന ക്രീമുകളും സോപ്പുകളുമാണ് വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.

ഇന്ത്യ, യു.എസ്, ഫ്രാൻസ്, യു.എഫ്.ഇ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ഓൺലൈൻ വിപണികളിൽ ഇത്തരം ഉൽപ്പന്നങ്ങൾ പരസ്യമായി ലഭ്യമാണ്.

പരിധിക്കും മുകളിൽ മെർക്കുറി സാന്നിധ്യം

മെർക്കുറിയുടെ ഉപയോഗത്തിന് യാതൊരുവിധ സുരക്ഷിത അളവുമില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. യു.എസ്.എഫ്.ഡി.എ (US FDA) മാനദണ്ഡപ്രകാരം മുഖം മിനുക്കുന്ന വസ്തുക്കളിൽ പരമാവധി 1 പി.പി.എം (Part Per Million) മെർക്കുറി മാത്രമേ പാടൂ. എന്നാൽ വിപണിയിലുള്ള ഇത്തരം ചില ക്രീമുകളിൽ ലിറ്ററിന് 10 മുതൽ 1,00,000 മില്ലിഗ്രാം വരെ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിൽ നിർമ്മിച്ച ‘പാർലി ബ്യൂട്ടി ക്രീം’, മെക്സിക്കൻ ബ്ലീച്ചിങ് ക്രീമുകൾ, ഫിലിപ്പീൻസ് സോപ്പുകൾ എന്നിവയിലാണ് മെർക്കുറിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ഇന്ത്യയിലെ ഒരു ആമസോൺ സെല്ലർ, നിരോധിക്കപ്പെട്ട പാകിസ്ഥാൻ ക്രീമായ ‘ചാന്ദ്‌നി’യുടെ പേര് ‘ബ്യൂട്ടി ബ്രൈറ്റനിങ് ക്രീം’ എന്നാക്കി മാറ്റി ചിത്രത്തിലെ യഥാർത്ഥ പേര് ബ്ലർ ചെയ്ത് വിൽപന നടത്തിയത് ഇതിന് ഉദാഹരണമാണ്.

വിലക്കുറവും പെട്ടെന്നുള്ള ഫലവും കെണി ആകുന്നു

സുരക്ഷിത ഘടകങ്ങളായ കോജിക് ആസിഡ്, ആർബൂട്ടീൻ എന്നിവയെ അപേക്ഷിച്ച് മെർക്കുറി അടങ്ങിയ ക്രീമുകൾ വളരെ വേഗത്തിൽ വെളുപ്പ് നിറം നൽകും. നിർമ്മാണച്ചെലവ് കുറവായതിനാൽ ഇവ കുറഞ്ഞ വിലയ്ക്ക് വിൽക്കാനും ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

സുരക്ഷിതമായ കോജിക് ആസിഡ് ഉൽപ്പന്നങ്ങൾക്ക് ശരാശരി 2,000 രൂപയ്ക്ക് മുകളിൽ വില വരുമ്പോൾ, മെർക്കുറി അടങ്ങിയ ഇത്തരം ക്രീമുകൾ വെറും 540 രൂപയ്ക്കാണ് വിപണിയിൽ ലഭിക്കുന്നത്. ഇത് സാധാരണക്കാരെ എളുപ്പത്തിൽ ആകർഷിക്കുന്നു.

ആരോഗ്യത്തിന് കടുത്ത ഭീഷണി; ജീവൻ വരെ അപകടത്തിൽ

ചർമ്മത്തിലൂടെ നേരിട്ട് രക്തത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും നെഫ്രോട്ടിക് സിൻഡ്രോം പോലെയുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. നാഡീവ്യൂഹത്തെയും ഇത് തകരാറിലാക്കാം.

പ്രധാന ലക്ഷണങ്ങൾ: കൈകാലുകളിൽ തരിപ്പ്, വിറയൽ, ഓർമ്മക്കുറവ്, കാഴ്ചശക്തി കുറയൽ, മൂഡ് സ്വിങ്സ്, വിഷാദം എന്നിവ ഉണ്ടാകാം.

ചർമ്മ പ്രശ്നങ്ങൾ: ചർമ്മം വലിഞ്ഞുമുറുകുക, തടിപ്പ്, ചുവന്നുതിണർക്കുക, സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെട്ട് അണുബാധയുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളും ഫലം.

ഗർഭിണികൾക്ക് മുന്നറിയിപ്പ്: ഗർഭിണികൾ ഇത്തരം ക്രീമുകൾ ഉപയോഗിച്ചാൽ അത് ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെ ഗുരുതരമായി ബാധിക്കും.

നിയമം മറികടന്ന് തട്ടിപ്പ്

നിരോധനം മറികടക്കാൻ വ്യാപാരികൾ വ്യാജ പേരുകളിലും ചേരുവകൾ രഹസ്യമായി വെച്ചുമാണ് ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഈ ക്രീമുകളിൽ ഒന്നിനും മേൽ മെർക്കുറിയുടെ സാന്നിധ്യം പരസ്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. വലിയ വാർത്തകൾ വരുമ്പോൾ മാത്രമാണ് പലരും ഇതിന്റെ ഭീകരതയെക്കുറിച്ച് തിരിച്ചറിയുന്നത്. നിറം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന പേരിൽ നാം വാങ്ങി ഉപയോഗിക്കുന്ന ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ നിങ്ങളുടെ ജീവൻ തന്നെ അപഹരിച്ചേക്കാം; ജാഗ്രതൈ!







By admin