• Mon. Nov 2nd, 2026

24×7 Live News

Apdin News

ഉര്‍വ്വശിക്കൊപ്പം അഭിനയിക്കാന്‍ പേടിയാണെന്ന് ഖുശ്ബു

Byadmin

Nov 2, 2026



ചെന്നൈ:ഒരേ ഫ്രെയിമില്‍ നടി ഉര്‍വശിക്കൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് എപ്പോഴും പേടി തോന്നാറുണ്ടെന്ന് വെളിപ്പെടുത്തി നടി ഖുശ്ബു സുന്ദര്‍. ‘മൂക്കുത്തി അമ്മന്‍ 2’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് ഉര്‍വശിയുടെ പ്രകടനത്തെയും അഭിനയ മികവിനെയും വാനോളം പുകഴ്‌ത്തി ഖുശ്ബു സംസാരിച്ചത്.

സ്‌ക്രീനില്‍ ഉര്‍വശിയുണ്ടെങ്കില്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ അവരിലേക്ക് മാത്രമായി ചുരുങ്ങുമെന്നും അത്ഭുതത്തോടെ മാത്രമേ അവരുടെ അഭിനയം കണ്ടുനില്‍ക്കാന്‍ സാധിക്കൂ എന്നും ഖുശ്ബു പറഞ്ഞു.
‘ഞാന്‍ ഒരുപാട് കാലമായി സിനിമയില്‍ അഭിനയിക്കുന്നു. അഭിനയിക്കുമ്പോള്‍ ആര് മുന്നില്‍ വന്നു നിന്നാലും എനിക്ക് പേടി തോന്നാറില്ല. എന്നാല്‍ ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോള്‍ ഞാന്‍ പേടിച്ചിട്ടുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മുന്നില്‍ മാത്രമാണ്.’- ഖുശ്ബു പറഞ്ഞു.

ചിലര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒരേ ഫ്രെയിമിലാണെങ്കില്‍ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാല്‍ ഉര്‍വശി അങ്ങനെയല്ല, നമ്മളെ കണ്ടപാടെ ഒറ്റ വിഴുങ്ങലിന് വിഴുങ്ങിയിട്ട് പോകും! പിന്നെ ഈ സിനിമയില്‍ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മള്‍ എവിടെയെന്ന് തിരഞ്ഞുപിടിക്കേണ്ടി വരും.’ ‘അഭിനയിക്കാന്‍ ഉര്‍വശി കൂടെയുണ്ടെങ്കില്‍ അവരുടെ പ്രസന്‍സ് മാത്രമേ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു ഫ്രെയിമില്‍ ഉര്‍വശിയുണ്ടെങ്കില്‍ പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും അവരിലേക്ക് തന്നെ പോകും. അത്രയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ അഭിനയിക്കുന്ന നടിയാണ് അവര്‍. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടര്‍.’- ഖുശ്ബു വിശദീകരിച്ചു.

‘സിനിമയിലും രാഷ്‌ട്രീയത്തിലുമുള്‍പ്പെടെ ചുറ്റുമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഉര്‍വശിക്ക് നല്ല ധാരണയുണ്ട്. അവര്‍ എന്നെ ‘കുബു സ്വാമി’ എന്നാണ് വിളിക്കുക, ഞാന്‍ അവരെ ‘പൊടി’ എന്നും വിളിക്കും. അതാണ് അവരുടെ ചെല്ലപ്പേര്. അത്രയും വര്‍ഷത്തെ ദീര്‍ഘമായ സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അതുപോലെ തന്നെയാണ്, യാതൊരു മാറ്റവുമില്ല.’ – ഖുശ്ബു വ്യക്തമാക്കി.

ആക്രമിച്ചെത്തുന്ന ശത്രുക്കളിൽ നിന്ന് തന്റെ കൊച്ചു മകനായ രാജകുമാരനെ രക്ഷിക്കാൻ ഒരു രാജ്ഞി സ്വയം ബലിയർപ്പിക്കുന്നു. കുട്ടിയെ സംരക്ഷിക്കാനായി മൂക്കുത്തി അമ്മൻ തിരിച്ചെത്തുന്നു; തിന്മയുടെ പുതിയൊരു തരംഗവുമായി എത്തുന്ന ഒരു ദുരൂഹ സ്ത്രീയെയും മറ്റ് അമാനുഷിക ശക്തികളെയും അവർ നേരിടുന്നു. നയൻതാര ഇരട്ട വേഷത്തിൽ എത്തുന്നു; ദേവിയായും ഒരു പോലീസ് ഉദ്യോഗസ്ഥയായും അവർ വേഷമിടുന്നു. ഉര്‍വ്വശിക്ക് പ്രധാന റോള്‍ ഉണ്ട്. നവമ്പര്‍ ആറിന് സിനിമ തിയറ്ററുകളില്‍ എത്തും. ആര്‍.ജെ. ബാലാജിയാണ് സംവിധാനം.

By admin