• Mon. Nov 2nd, 2026

24×7 Live News

Apdin News

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് അടിമുടി പാളി; നാണക്കേടിന്റെ റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍

Byadmin

Nov 2, 2026


ന്യൂഡൽഹി: നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ദുസ്വപ്നതുടക്കം.

കിവീസിനെതിരായ ടി-20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഭുവി കനത്ത നിരാശയോടെയാണ് ന്യൂസിലാന്‍ഡില്‍ നിന്നും മടങ്ങുന്നത്. ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും ഭുവിയെ സംബന്ധിച്ച് ഈ പരമ്പര മറക്കാനാഗ്രഹിക്കുന്ന ഒന്നായി മാറി.

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് കളികളില്‍ ഭുവി ഇറങ്ങിയെങ്കിലും വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം.

ആക്രമണോത്സുകരായ കിവീസ് ബാറ്റിങ് നിരയ്ക്ക് മുന്നില്‍ ഭുവിയുടെ പന്തുകള്‍ ശറശറ റണ്‍സ് വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. പരമ്പരയിലാകെ 16 ഓവര്‍ പന്തെറിഞ്ഞ താരം 180 റണ്‍സാണ് വിട്ടുകൊടുത്തത്.

നാണക്കേടിന്റെ റെക്കോഡ് ഭുവിക്ക്

മോശം പ്രകടനത്തിന് പിന്നാലെ ഒരു അവിശ്വസനീയമായ റെക്കോഡും താരത്തിന്റെ പേരിലായി. ഒരു ടി-20 പരമ്പരയില്‍ ഏറ്റവും മോശം ബൗളിങ് ആവറേജ് (180.00) എന്ന നാണക്കേടിന്റെ റെക്കോഡാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയത്.

2021ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ന്യൂസിലാന്‍ഡ് താരം കൈലീ ജാമിസണ്‍ കുറിച്ച 175.00 എന്ന മോശം ആവറേജ് റെക്കോഡാണ് ഭുവി തകര്‍ത്തത്.

റണ്‍മഴയായി പരമ്പര

ബാറ്റര്‍മാരെ തുണച്ച പിച്ചുകളില്‍ ആദ്യ മത്സരം മുതല്‍ താരം റണ്‍സ് വഴങ്ങി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടി-20യില്‍ 4 ഓവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 50 റണ്‍സ് വിട്ടുകൊടുത്തു.

വെല്ലിങ്ടണിലെ മൂന്നാം മത്സരത്തില്‍ വിക്കറ്റൊന്നുമില്ലാതെ 40 റണ്‍സ് വഴങ്ങിയതോടെ നാലാം മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായി.

ഹാമില്‍ടണില്‍ നടന്ന അവസാന മത്സരത്തിലൂടെ തിരിച്ചെത്തിയെങ്കിലും ഫലം മറ്റൊന്നായിരുന്നില്ല. 50 പന്തില്‍ 93 റണ്‍സ് വാരിക്കൂട്ടിയ ടിം സീഫര്‍ട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നില്‍ ഭുവി വീണ്ടും വിയര്‍ത്തു.

താരം എറിഞ്ഞ ആറാം ഓവറില്‍ മാത്രം കിവീസ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത് 20 റണ്‍സാണ്. മത്സരത്തിലാകെ 41 റണ്‍സാണ് താരം വഴങ്ങിയത്.

ഐ.പി.എൽ തിളക്കം കരുത്തായിരുന്നെങ്കിലും…

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഭുവിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.

2025 സീസണില്‍ 17 വിക്കറ്റും 2026 സീസണില്‍ 28 വിക്കറ്റുകളും വീഴ്ത്തി ആര്‍.സി.ബിയുടെ കിരീടനേട്ടത്തില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഈ മിന്നും ഫോം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ താരത്തിനായില്ല.

തന്റെ അന്താരാഷ്ട്ര കരിയറിലെ ഭാവിയെക്കുറിച്ച് മൂന്നാം മത്സരത്തിന് ശേഷം ഭുവനേശ്വര്‍ പ്രതികരിച്ചിരുന്നു.

ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും, ഡൊമെസ്റ്റിക് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.







By admin