• Fri. Nov 20th, 2026

24×7 Live News

Apdin News

ഏകാന്ത തടവും ചികിത്സാ നിഷേധവും : ഇമ്രാൻ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ഹൈക്കമ്മീഷണർ

Byadmin

Nov 20, 2026



​ജനീവ: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നതിലും ദീർഘകാലമായി തുടരുന്ന തടങ്കൽ സാഹചര്യങ്ങളിലും ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, കൃത്യമായ വൈദ്യസഹായം നൽകണമെന്നും രാഷ്‌ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും പാകിസ്ഥാനോട് അഭ്യർത്ഥിച്ചു. സിഎൻഎൻ വാർത്താ ചാനലിലെ ക്രിസ്റ്റ്യൻ അമൻപൂറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

​”ഇമ്രാൻ ഖാന്റെ മോചനത്തിനായി ഞാൻ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന് കൃത്യമായ ചികിത്സ നൽകണമെന്നും സാഹചര്യങ്ങൾ ശാന്തമാക്കണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു,”- വോൾക്കർ ടർക്ക് പറഞ്ഞു. തടവിലാക്കപ്പെട്ടവർക്ക് നിയമസഹായം, കുടുംബാംഗങ്ങളെ കാണാനുള്ള അവസരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കുന്നത് വിശ്വാസം വീണ്ടെടുക്കുന്നതിനും രാഷ്‌ട്രീയ സംഭാഷണങ്ങൾക്കും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​2025 ഡിസംബർ 20 മുതൽ ദിവസം 22 മണിക്കൂർ വരെ തന്നെ കടുത്ത ഏകാന്ത തടവിലാക്കിയിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ നേരത്തെ ആരോപിച്ചിരുന്നു. തന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ജീവനോടെ തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാമെന്നും ചൂണ്ടിക്കാട്ടി നവംബർ 16-ന് അദ്ദേഹം പാകിസ്ഥാനിലെ മുതിർന്ന ജഡ്ജിമാർക്ക് തുറന്ന കത്തയച്ചിരുന്നു.

നേരത്തെ ​ഇമ്രാൻ ഖാന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മകൻ കാസിം ഖാൻ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഇടപെടൽ തേടിയിരുന്നു. സൈനിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കാസിം, പിതാവിന് അപായം സംഭവിക്കുന്നതിന് മുമ്പ് ലോകരാജ്യങ്ങൾ ഇടപെടണമെന്ന് എക്സിൽകുറിച്ചു. 2025 ഓഗസ്റ്റിൽ സഹോദരിയുമായി നടന്ന രണ്ട് കൂടിക്കാഴ്ചകൾ ഒഴികെ കുടുംബാംഗങ്ങളെ കാണാൻ ഇമ്രാൻ ഖാനെ അനുവദിച്ചിട്ടില്ലെന്നും, ഉയർന്ന രക്തസമ്മർദ്ദവും മതിയായ ചികിത്സ ലഭിക്കാത്തതും ആശങ്കാജനകമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.

കൂടാതെ തടവിലുള്ള ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ കണ്ണിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മനുഷ്യാവകാശ സംഘടനകൾ ആശങ്ക പങ്കുവെച്ചു. കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയ്‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ നേരത്തെ അവർ കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു.

​തടവുകാരോട് മനുഷ്യത്വപരവും മാന്യവുമായി പെരുമാറണമെന്ന അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് ജയിലിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുമ്പോൾ, ഇമ്രാൻ ഖാന്റെ മോചനത്തിനായുള്ള അന്താരാഷ്‌ട്ര സമ്മർദ്ദവും ശക്തമാവുകയാണ്.

By admin