• Sat. May 16th, 2026

24×7 Live News

Apdin News

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

Byadmin

May 16, 2026



വാഷിംഗ്ടണ്‍: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസില്‍ നിലവിലുണ്ടായിരുന്ന ഏകദേശം 2500 കോടി രൂപയുടെ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് നീതിന്യായ വകുപ്പ് (DOJ) പിൻവലിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ പേരില്‍ അദാനിയ്‌ക്കെതിരെ ഇന്ത്യയിലെ നിരവധി എന്‍ജിഒ സംഘടനകളും രാഹുല്‍ ഗാന്ധിയും വലിയ ബഹളം മുഴക്കിയിരുന്നു.

ഇപ്പോള്‍ വിദേശമാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് എന്നിവയാണ് അദാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി പിന്‍വലിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. അദാനി ഗ്രൂപ്പിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയ വലിയൊരു നിയമക്കുരുക്കാണ് അഴിയാന്‍ പോകുന്നത്. ഇതോടെ അദാനി ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും ശക്തനാകും.

അദാനിയെ നശിപ്പിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റും അതിന് കുഴലൂതുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും കുറെ വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നതാണ് അജണ്ട. പക്ഷെ ഇല്ലാത്ത ആരോപണങ്ങളായിരുന്നു അദാനിയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തന്നെ. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെക്കൊണ്ട് അദാനി കടലാസ് കമ്പനികള്‍ വഴി വിദേശത്ത് നിന്നും ഫണ്ട് കൊണ്ട് വന്ന് സ്വന്തം കമ്പനികളുടെ ഓഹരി വില ഊതിപ്പെരുപ്പിക്കുന്നു എന്നതായിരുന്നു ഒരു ആരോപണം. ആ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ കമ്പനിയും പൂട്ടി എവിടേക്കോ പോയി. അദാനിയ്‌ക്കെതിരെ പിന്നീട് അമേരിക്കന്‍ ശതകോടീശ്വരനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അടുത്തയാളുമായ ജോര്‍ജ്ജ് സോറോസ് ഇന്ത്യയിലെ അയാള്‍ ഫണ്ട് നല്‍കുന്ന ചില എന്‍ജിഒകളെക്കൊണ്ട് കുറെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി. ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ പ്രവര്‍ത്തികുന്ന ഒരു എന്‍ജിഒ ആണ് കേസുമായി വന്നത്. ഇതിനെ സുപ്രീംകോടതി തന്നെ തള്ളി.

ഇപ്പോള്‍ അമേരിക്കന്‍ കോടതിയില്‍ ഇരിക്കുന്ന കേസ് ഇതാണ്. ഇന്ത്യയില്‍ വൻകിട സൗരോർജ്ജ പദ്ധതികളുടെ കരാറുകള്‍ നേടിയെടുക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യണ്‍ ഡോളറിലധികം (ഏകദേശം 2,500 കോടി രൂപ) കൈക്കൂലി നല്‍കാൻ അദാനിയും കൂട്ടരും പദ്ധതിയിട്ടെന്നാണ് കേസ്. ഈ അഴിമതിവിവരം മറച്ചുവെച്ച്‌ യുഎസ് നിക്ഷേപകരില്‍ നിന്നും ബാങ്കുകളില്‍ നിന്നും അദാനി ഗ്രൂപ്പ് കോടിക്കണക്കിന് ഡോളർ സമാഹരിച്ചുവെന്ന് കാണിച്ച്‌ 2024 നവംബറിലാണ് യുഎസ് പ്രോസിക്യൂട്ടർമാർ അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. എന്നാല്‍ അദാനി ഗ്രൂപ്പ് തുടക്കം മുതല്‍ ഈ ആരോപണങ്ങള്‍ പൂർണ്ണമായും നിഷേധിച്ചിരുന്നു.

അദാനിയുടെ പുതിയ നിയമസംഘം നയിക്കുന്ന പ്രമുഖ അഭിഭാഷകൻ റോബർട്ട് ജെ. ഗിയൂഫ്ര ജൂനിയർ കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് ആസ്ഥാനത്ത് നടത്തിയ വിശദമായ പ്രസൻ്റേഷനാണ് കേസ് പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. കേസ് ഫയല്‍ ചെയ്യാൻ യുഎസ് അധികൃതർക്ക് കൃത്യമായ തെളിവുകളോ അധികാരപരിധിയോ ഇല്ലെന്ന് നിയമസംഘം വാദിച്ചു. ഇതോടൊപ്പം, കേസ് ഒത്തുതീർപ്പാക്കുകയാണെങ്കില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ 10 ബില്യണ്‍ ഡോളർ (ഏകദേശം 84,000 കോടി രൂപ) നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദാനി ഗ്രൂപ്പ് തയ്യാറാണെന്ന വാഗ്ദാനവും മുന്നോട്ട് വെച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് പിൻവലിക്കാൻ ഈ നിക്ഷേപ വാഗ്ദാനം നേരിട്ട് സ്വാധീനിച്ചിട്ടില്ലെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ വിദേശ കോർപ്പറേറ്റ് കേസുകളോടുള്ള മൃദുസമീപനമാണ് ഈ പിൻവലിക്കലിന് പിന്നിലെന്നാണ് സൂചന.

യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കുമ്പോഴും, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) ചുമത്തിയ സമാന്തര സിവില്‍ കേസ് വലിയൊരു തുക പിഴയായി നല്‍കി ഒത്തുതീർപ്പാക്കാനാണ് സാധ്യത. അദാനിയും സാഗർ അദാനിയും ചേർന്ന് ഏകദേശം 15 മില്യണ്‍ ഡോളർ എസ്‌ഇസിക്ക് പിഴയായി നല്‍കിയേക്കും. കൂടാതെ ഇറാനിയൻ ഗ്യാസ് കയറ്റുമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റിന് ഏകദേശം 275 മില്യണ്‍ ഡോളർ പിഴ നല്‍കാനും അദാനി ഗ്രൂപ്പ് ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ വാരം തന്നെ യുഎസ് നീതിന്യായ വകുപ്പ് കേസ് പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By admin