കൊല്ലം: കുഞ്ഞിന്റെ കയ്യില്‍ നിന്ന് ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി.പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈല്‍ ഫോണാണ് ഓടയില്‍ വീണത്.
കഴിഞ്ഞ ദിവസം രാവിലെ 9.30ന് പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഹാജിറയും മൂന്നു വയസുള്ള മകളും പോളയത്തോട് ജംഗ്ഷനിലേക്ക് ഓടയ്‌ക്ക് മുകളിലൂടെ നടന്നു പോകവെ കുഞ്ഞിന്റെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
മേല്‍മൂടിയുടെ വിടവിലൂടെ ഓടയ്‌ക്ക് ഉള്ളിലേക്ക് ഫോണ്‍ വീതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഹാജിറ പരിഭ്രമിച്ചു. ഇതു ശ്രദ്ധയില്‍ പെട്ട യുവാവ് കടപ്പാക്കട അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന എത്തി ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ഏറെ നേരം പരിശ്രമിച്ച് ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് ഉയര്‍ത്തി മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് കൈമാറി.