• Fri. Nov 13th, 2026

24×7 Live News

Apdin News

കിവീസ് താരത്തിന് നേരെ പാഞ്ഞടുത്ത് ഇന്ത്യൻ പേസർ; രംഗം വഷളായപ്പോൾ ഇടപെട്ട് ‘സമാധാനദൂതനായി’ കോഹ്‌ലി!

Byadmin

Nov 13, 2026


മൗണ്ട് മൗംഗനുയി: മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ഏകദിനത്തിൽ മൈതാനത്ത് ചൂടേറിയ മുഹൂർത്തങ്ങൾ.

ഇന്ത്യയുടെ ഉയരമുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാറും ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട്ടും തമ്മിൽ വാക്പോരുകളും സംഘർഷങ്ങളും അരങ്ങേറിയ മത്സരത്തിൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത ഇടപെടൽ ശ്രദ്ധേയമായി.

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് എതിരായി സീഫെർട്ടും വിൽ യങ്ങും ചേർന്ന് കിവീസിന് മികച്ച തുടക്കമാണ് നൽകിയത്.

പവർപ്ലേയിൽ ഗുർനൂർ ബ്രാറിന്റെ ഓവറിൽ ഒരു സിക്സറും രണ്ട് ബൗണ്ടറികളും ഉൾപ്പെടെ 14 റൺസ് നേടിയ സീഫെർട്ട് പേസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

തുടർന്ന് ബ്രാറിനെ ബൗളിം​ഗ് ആക്രമണത്തിൽ നിന്ന് താൽക്കാലികമായി പിൻവലിക്കേണ്ടി വന്നു.

എങ്കിലും, ആദ്യ പവർപ്ലേയ്ക്ക് ശേഷം തിരിച്ചെത്തിയ ബ്രാർ തന്റെ പ്രതികാരം വീട്ടി. ബ്രാറിന്റെ ഒരു മൂർച്ചയുള്ള ഷോർട്ട് ബോളിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച സീഫെർട്ട് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു

42 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചതിന് ശേഷമായിരുന്നു സീഫെർട്ടിന്റെ മടക്കം.

കോഹ്‌ലിയുടെ ഇടപെടലും അമ്പയറുടെ മുന്നറിയിപ്പും

വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ആവേശത്തോടെ ആഘോഷിച്ച ബ്രാർ, സീഫെർട്ടിന്റെ അടുത്തേക്ക് ചെന്ന് മുഖത്തോടുമുഖം നിന്ന് പ്രകോപനം സൃഷ്ടിച്ചു. ഇത് ഇരുതാരങ്ങളും തമ്മിൽ വലിയ വാക്കുതർത്തിലേക്ക് നയിച്ചു.

എന്നാൽ, കളിക്കളത്തിലെ ചൂടേറിയ ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട വിരാട് കോഹ്‌ലി അപ്രതീക്ഷിതമായി സമാധാനപാലകന്റെ വേഷത്തിലെത്തി ബ്രാറിനെ പിടിച്ചുമാറ്റുകയും തർക്കം വഷളാവാതെ തടയുകയും ചെയ്യുകയായിരുന്നു.

ഗുർനൂർ ബ്രാർ

കോഹ്‌ലിയുടെ ഈ പുതിയ റോൾ ഓൺ-എയർ കമന്റേറ്റർമാരെയും കാണികളെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

ഇതിനുപിന്നാലെ ഫീൽഡ് അമ്പയർ ക്രിസ് ബ്രൗൺ ഇടപെടുകയും, ബ്രാറിനോട് സംസാരിച്ച് അതിരുകടന്ന ആക്രമണോത്സുകത കാണിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഒരു ഫാസ്റ്റ് ബൗളറുടെ മത്സര തീവ്രതയും പെരുമാറ്റച്ചട്ടവും തമ്മിലുള്ള നേർത്ത വര ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം.

പരമ്പരയിലെ ബ്രാറിന്റെ പ്രകടനം

മത്സരത്തിൽ സെയ്ഫെർട്ടിന്റെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യയ്ക്ക് നിർണ്ണായക വഴിത്തിരിവായി. തൊട്ടുപിന്നാലെ സ്പിന്നർ അക്സർ പട്ടേൽ നിക്ക് കെല്ലിയെയും (4 റൺസ്) പുറത്താക്കിയതോടെ ന്യൂസിലൻഡിന്റെ മുന്നേറ്റത്തിന് തടയിടാൻ ഇന്ത്യക്ക് സാധിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ പ്രധാന കണ്ടെത്തലുകളിൽ ഒരാളാണ് 26 കാരനായ ഗുർനൂർ ബ്രാർ.

ഓക്ക്‌ലൻഡിൽ നടന്ന ആദ്യ മത്സരത്തിൽ 3 വിക്കറ്റും, വെല്ലിംഗ്ടണിൽ 30 റൺസ് മാത്രം വഴങ്ങി കരിയറിലെ മികച്ച പ്രകടനമായി 4 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

തന്റെ ഉയരവും അധിക ബൗൺസ് കണ്ടെത്താനുള്ള കഴിവും കിവീസ് പിച്ചുകളിൽ മികച്ച രീതിയിലാണ് ബ്രാർ ഉപയോഗപ്പെടുത്തുന്നത്.

മഴമൂലം ഹാമിൽട്ടണിലെ മൂന്നാം ഏകദിനം ഉപേക്ഷിച്ചതിനാൽ, അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-0 ന് മുന്നിൽ നിന്നാണ് ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങിയത്.പരമ്പര നിലനിർത്താൻ കിവീസിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി സ്ഥിരം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വിശ്രമത്തിലായതിനാൽ ശ്രേയസ് അയ്യറാണ് ഈ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്.







By admin