• Fri. Nov 13th, 2026

24×7 Live News

Apdin News

മെസിയുടെ പേരിൽ തട്ടിപ്പ് : മുൻ മന്ത്രിക്കെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി

Byadmin

Nov 13, 2026



തിരുവനന്തപുരം: ഫുട്‌ബോൾ താരം മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ നിയമനടപടിക്ക് ഗവർണറുടെ അനുമതി. ഇതോടെ കേസിൽ മുൻ മന്ത്രി പ്രതിയാകും. അഴിമതി നിരോധന നിയമപ്രകാരം പ്രതി ചേർത്ത് കേസുമായി മുന്നോട്ടുപോകാനാണ് ഗവർണർ ഓം പ്രകാശ് മാഥൂർ അനുമതി നൽകിയത്.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറിയ കത്തു പരിഗണിച്ചാണ് ഗവർണറുടെ നടപടി. സ്‌പോൺസർഷിപ് തട്ടിപ്പിൽ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് സർക്കാരിനു കൈമാറിയിരുന്നു. വി. അബ്ദുറഹിമാൻ അടക്കം അഞ്ചു പേർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.
മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിനു നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽനിന്നു സർക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പിൽനിന്നു മറ്റൊരു അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചത്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് മറ്റ് പ്രതികൾ.
അതേസമയം, മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്‌പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

By admin