ആലപ്പുഴ : ബാലഗോകുലം ദക്ഷിണകേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂള്‍ ക്യാമ്പസില്‍ തുടക്കമായി. മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്തു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ബാലഗോകുലം ദക്ഷിണകേരളം പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം ഏഷ്യയിലെ ഏറ്റവും വലിയ ബാലസാംസ്‌കാരിക പ്രസ്ഥാനങ്ങളിലൊന്നാണെന്നും സനാതന ധര്‍മത്തിന്റെ ശാശ്വത മൂല്യങ്ങളും ധാര്‍മികതയും പരസ്പര ബഹുമാനവും കുട്ടികളുടെ ജീവിതത്തില്‍ പകര്‍ന്നുനല്‍കുന്നതില്‍ നിര്‍ണായക പങ്കാണ് സംഘടന വഹിക്കുന്നതെന്നും ഡോ. മാവൂത്തു പറഞ്ഞു. ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകവും ആധുനിക ജീവിതവും തമ്മില്‍ മൂല്യാധിഷ്ഠിതമായ പാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ബാലഗോകുലം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാല്യകാല ജീവിതത്തിലെ സംഭവങ്ങള്‍ കുട്ടികള്‍ക്ക് ധൈര്യം, നേതൃത്വം, കരുണ, പ്രകൃതി സംരക്ഷണം, ആത്മവിശ്വാസം തുടങ്ങിയ ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യശോദയ്‌ക്ക് വിശ്വരൂപം കാണിച്ച സംഭവവും ഗോവര്‍ദ്ധനഗിരി ഉയര്‍ത്തിയ സംഭവവും കുട്ടികളുടെ വ്യക്തിത്വവികസനത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്ന ആചരണശീലം, അതിജീവനശീലം, ആയോജനശീലം, ആത്മനിര്‍ഭരശീലം എന്നീ നാല് മഹാദര്‍ശനങ്ങള്‍ ധാര്‍മിക ജീവിതം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന കാഴ്ചപ്പാട്, സ്വാശ്രയത്വം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങരുതെന്നും സാംസ്‌കാരിക മൂല്യങ്ങളോടുകൂടിയ വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. അറിവിനൊപ്പം സംസ്‌കാരവും സ്വഭാവശുദ്ധിയും വളര്‍ത്തിയെടുക്കുന്നതില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ 1202-ലെ ബാലഗോകുലം മലയാള കലണ്ടറും കുമാരി പ്രണവി പ്രമോദ് രചിച്ച ‘എ മാപ്പ് ഓഫ് യൂ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. ചെറുപ്രായത്തില്‍ തന്നെ സൃഷ്ടിപരമായ രചനകളിലൂടെ ശ്രദ്ധേയരാകുന്ന കുട്ടികള്‍ കേരളത്തിന്റെ സാംസ്‌കാരിക-ബൗദ്ധിക ഭാവിയുടെ പ്രതീക്ഷകളാണെന്ന് ഡോ. മാവൂത്തു പറഞ്ഞു.
കുട്ടികളെ ഭാരതീയ സംസ്‌കാരത്തിലും ധാര്‍മിക മൂല്യങ്ങളിലും വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ ഹരീന്ദ്രന്‍,എം.എന്‍. ശശിധരന്‍, ബി. എസ്. ബിജു, ഡോ. എസ്. രവിശങ്കര്‍, റ്റി.ജി. അനന്തകൃഷ്ണന്‍, മീരാമാധവി, അഡ്വ എസ്. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു