തൃശൂർ: കനത്ത ആശങ്കപരത്തി കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ. കുതിരാനിലെ ഇരട്ട തുരങ്ക മുഖത്തിന്റെ പടിഞ്ഞാറ് തുരങ്കമുഖത്തിനു മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരിയ തോതിൽ മാത്രമാണ് മണ്ണ് ഇടിഞ്ഞിട്ടുള്ളത്. കാലവർഷം ആരംഭിച്ച സമയത്ത് തന്നെ നേരിയ തോതിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതാണ് എന്ന് പ്രദേശവാസികൾ പറയുന്നത്.
മണ്ണിടിഞ്ഞ ഭാഗത്ത് മരക്കൂട്ടങ്ങൾ ഉൾപ്പെടെയുണ്ട്. വിവരം അറിഞ്ഞയുടൻ ഹൈവേ കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻ മന്ത്രിയും സ്ഥലം എം എൽഎയുമായ കെ രാജനും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്തിന് മുകളിൽ പീച്ചി വനമേഖലയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദഗ്‌ദ്ധരുൾപ്പെടെ അവിടെയെത്തി നീർച്ചാലുകളോ വെള്ളക്കെട്ടുകളുണ്ടോ ഉണ്ടോ എന്ന് പരിശോധിക്കും.
ദേശീയ പാതാ വിദഗ്‌ദ്ധരുൾപ്പെടെ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലും കനത്തമഴയും തുടരുന്ന സാഹചര്യത്തിൽ തുരങ്കം അടയ്‌ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് അടച്ചിടേണ്ടിവന്നാൽ ജനജീവിതത്തെ സാരമായി ബാധിക്കും.