രാമനാമം താരകമന്ത്രമാണ്. സംസാരസാഗരം തരണം ചെയ്യാന്‍ ഭക്തര്‍ക്ക് രാമനാമം മാത്രം ജപിച്ചാല്‍ മതിയാകും. ആദികാവ്യം രചിച്ച വാല്മീകി മഹര്‍ഷിയുടെ ജീവിതം തന്നെ രാമനാമത്തിന്റെ മാഹാത്മ്യം വെളിവാക്കുന്നു. രത്നാകരന്‍ എന്ന കൊള്ളക്കാരന് സപ്തര്‍ഷികള്‍ രാമനാമം തിരിച്ചുപദേശിച്ചു. മരാമരാ എന്നുജപിച്ച രത്നാകരന്‍ കാലാന്തരത്തില്‍ രാമരാമ എന്ന താരകമന്ത്ര ജപത്തിലേക്കെത്തി മഹാഋഷിയായി മാറി. രാമായണത്തില്‍ ഗൗതമ പത്നിയായ അഹല്യയും മൗനമായി രാമനാമം ജപിച്ച് മോക്ഷാര്‍ഹയായിത്തീരുന്നു. വന്നുപോയ തെറ്റില്‍ നിന്നും അഹല്യ ശരിയിലേക്കെത്തിയത് രാമന്ത്രത്തിന്റെ മൗനധ്യാനത്തിലൂടെ ആയിരുന്നു.
ദേവേന്ദ്രന്റെ കാമമോഹത്തില്‍ പെട്ട് അഹല്യ ഭര്‍ത്താവായ ഗൗതമമഹര്‍ഷിയുടെ ശാപത്താല്‍ ദീര്‍ഘകാലം ശിലപോലെ മനസ്സും ശരീരവുമടക്കി മൗനത്തിലമര്‍ന്നു രാമനാമ ധ്യാനനിരതയായി. ഒടുവില്‍ രാമ പാദസ്പര്‍ശമേറ്റ് പതിവ്രതയായി. അഹല്യയും ആദികവിയും തങ്ങളുടെ ഭൗതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും മോക്ഷവും നേടിയത് രാമനാമം മൗനമായി ജപിച്ചതിന്റെ കരുത്തിലാണ്.
നമ്മുടെ പ്രശ്നങ്ങളുടെ ആരംഭം നാം മൗനം ഭഞ്ജിക്കുന്ന നിമിഷം മുതല്‍ക്കാണ്. ഗര്‍ഭസ്ഥശിശുവിന് കൂട്ടായി ശബ്ദങ്ങളില്ല. അമ്മയുടെ ഉദരം വിട്ടു പുറത്തു വന്ന് ശിശു ആദ്യ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ മൗനത്തിന്റെ തോട് പൊട്ടിച്ച് ശബ്ദങ്ങള്‍ ചുറ്റും നിറയുന്നു. അതോടെ ജീവന്‍ അതുവരെ അനുഭവിച്ച മൗനധ്യാനം നഷ്ടമാകുന്നു. പേരു വീഴുന്നതോടെ ശിശുവിനു ഞാനെന്ന അഹംബോധം ഉദിക്കുകയായി.
മറ്റുള്ളവരുമായി താരതമ്യം, മത്സരം, ഭയം, അസൂയ, സംഘര്‍ഷം എല്ലാം പോകപ്പോകെ വിരുന്നുകാരായി വരും. കാലക്രമേണ സുഖം ദുഃഖമായി മാറും. പുറത്തുള്ള ലോകത്തേക്കാളുപരി ആന്തരികസത്തയില്‍ നിന്നും മൗനധ്യാനത്തില്‍ നിന്നും നാം ഏറെ അകന്നു ഭൗതിക കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുമ്പോളാണ് സുഖം ദുഃഖമായി മാറുന്നത്.
നാം വീണ്ടും രാമമന്ത്രത്തിന്റെ മൗനധ്യാനത്തിലേക്കു മാറിയാല്‍, ലോകവും സാഹചര്യങ്ങളും മാറുകയില്ലെങ്കിലും ആന്തരിക സൗഖ്യം അനുഭവപ്പെട്ടു തുടങ്ങും. മൗനധ്യാനത്തില്‍ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനും പഠിക്കാനും
ഓരോരുത്തര്‍ക്കും സാധിക്കും. അമ്മയുടെ ഉദരത്തിലെ ഭാഷയായ നിര്‍മല സ്നേഹം മൗനത്തില്‍ കുതിര്‍ന്ന് നിലാവ് പോല വെണ്മയൂള്ളതായി മാറുന്നു. അതിനാല്‍ ശ്വാസഗതി നിയന്തിച്ച്(പ്രാണായാമത്തിലൂടെ) നാം ആദിമൗനത്തിലേക്ക് മടങ്ങി രാമനാമ മന്ത്രം നിരന്തരം ധ്യാനിച്ചാല്‍ വാല്മീകി മഹര്‍ഷിയും അഹല്യയും എത്തിയ മോക്ഷമാര്‍ഗ്ഗത്തില്‍ തന്നെ നമുക്കോരോരുത്തര്‍ക്കുമെത്താം. അത് യഥാര്‍ത്ഥ ജ്ഞാനവും സ്ഥിരമായ യശസ്സും നല്‍കും.
ജീവിത വിജയം മുന്‍പോട്ടുള്ള കുതിപ്പും നെട്ടോട്ടവും അല്ല. അത് വീണ്ടും മാതൃഗര്‍ഭസമാനമായ മൗനത്തിലേക്കുള്ള മടക്കയാത്രയാണ്. മൗനം എന്നത് ശബ്ദമില്ലായ്‌മയല്ലെന്നും മറിച്ച് ഏകാഗ്രതയിലൂടെ ആത്മസാക്ഷാത്കാരം നേടാന്‍ സഹായിക്കുന്ന സിദ്ധിവിശേഷമാണെന്നും ആദികവിയും അഹല്യയും ഓര്‍മിപ്പിക്കുന്നു.