തിരുവനന്തപുരം: കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തില്‍ ആവശ്യം. പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎംആവാസ് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ, ചികിത്സാ, ഭവന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. രാഷ്‌ട്രീയ കണ്ണട മാറ്റിവെച്ച് പദ്ധതികള്‍ നടപ്പാക്കണം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായത് ചരിത്രനേട്ടമാണെന്നും മൂന്നു സീറ്റുകള്‍ വിജയിച്ചത് ഇടതു വലതു മുന്നണികള്‍ക്ക് ബദലായി മൂന്നാം ശക്തിയായി ബിജെപി മാറിയതിന്റെ തെളിവാണെന്നും രാഷ്‌ട്രീയ പ്രമേയം വിശദീകരിക്കുന്നു.
ഒബിസി സംവരണത്തിന്റെ മറവില്‍ മതസംവരണം നടപ്പാക്കരുത്, ഒബിസി, എസ് സി, എസ്ടി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവരുടെ സംവരണം ഉറപ്പാക്കുക, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേരളത്തിലെ യുവാക്കളെ മതമൗലികവാദ സംഘടനകളില്‍ നിന്നും ലഹരിവ്യാപനത്തില്‍ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും രാഷ്‌ട്രീയ പ്രമേയത്തിലുണ്ട്. അഴിമതി രഹിതവും എല്ലാ മലയാളികള്‍ക്കും ഗുണകരമായതുമായ ഭരണമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ലഭിക്കൂ എന്ന് പുതിയ സര്‍ക്കാരിനെ ബിജെപി പ്രമേയം ഓര്‍മ്മിപ്പിക്കുന്നു.