ശിവഗിരി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ലോകമെമ്പാടും ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഗസ്ത് 28നാണ് 172-ാമത് ഗുരുദേവജയന്തി. ഗുരുദര്‍ശനവും ശിവഗിരി മഠത്തിന്റെ ഖ്യാതിയും ലോകമെമ്പാടും എത്തിച്ചേര്‍ന്നതില്‍ ശിവഗിരി മഠം വഹിച്ച വലിയ പങ്ക് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഇക്കൊല്ലത്തെ ചതയദിനാഘോഷമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി, സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി എന്നിവര്‍ അറിയിച്ചു.
ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തിയിലും മഹാസമാധി പീഠം നിലകൊള്ളുന്ന ശിവഗിരിയിലും ശിവഗിരിമഠത്തിന്റെ മറ്റു ശാഖാസ്ഥാപനങ്ങളിലും ജയന്തിയാഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നു. എസ്എന്‍ഡിപി യോഗം യൂണിയനുകള്‍, ശാഖകള്‍, ഇതര പ്രസ്ഥാനങ്ങള്‍ എന്നിവയൊക്കെയും ജയന്തി ആഘോഷം മംഗളകരമായി നടത്തുന്നതിനുള്ള പരിശ്രമം തുടങ്ങി.