• Mon. Jul 20th, 2026

24×7 Live News

Apdin News

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

Byadmin

Jul 19, 2026


തിരുവനന്തപുരം: എൻസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ. ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ലെന്നും, എൻഎസ്എസിലെ ഇപ്പോഴത്തെ അവസ്ഥയും തകർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് സോഡാക്കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ അത് പുറത്തെടുക്കാൻ പറ്റൂ എന്ന് പറയാറുള്ളതുപോലെയാണ് എൻഎസ്എസിലെ ചിലരുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയിൽ അടിയന്തരമായ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, കാലം അതിന് മറുപടി നൽകുമെന്നും ഏകാധിപത്യ ഭരണത്തിന് അധികം ആയുസ്സുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൻഎസ്എസിന്റെ ഭരണഘടന പൊതുജനങ്ങളിൽ നിന്നും അണികളിൽ നിന്നും ബോധപൂർവ്വം ഒളിച്ചുവെച്ചിരിക്കുകയാണെന്നും, താൻ പലതവണ ശ്രമിച്ചിട്ടും അത് ലഭ്യമാക്കിയിട്ടില്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു.

ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് നേരിട്ടത് കടുത്ത അനീതിയാണെന്നും അതിൽ ശരിയുണ്ടോ എന്ന് വിലയിരുത്തേണ്ടത് പൊതുസമൂഹമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിതാവ് ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണലിൽ വളർന്നവരാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം വിരട്ടലുകൾക്കൊന്നും താൻ വഴങ്ങില്ലെന്നും, നേതൃത്വത്തിന് കുറച്ചുകൂടി സ്നേഹവും മര്യാദയും ആകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം സമുദായാംഗങ്ങൾക്കായി തുറന്നുകൊടുക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സമാധിസ്ഥലം ഒരു ക്ഷേത്രമാണെന്ന വിചിത്രമായ വാദമാണ് ജനറൽ സെക്രട്ടറി ഉയർത്തുന്നത്. സത്യത്തിന് വിലയില്ലാത്ത കലിയുഗത്തിലൂടെയാണ് സംഘടന കടന്നുപോകുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ സമുദായത്തെ ആക്ഷേപിച്ചുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. മുഖ്യമന്ത്രി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും തനിക്ക് അദ്ദേഹത്തെ ദീർഘകാലമായി അറിയാമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.



By admin