• Wed. Nov 25th, 2026

24×7 Live News

Apdin News

ചീഞ്ഞുനാറിയ ഭക്ഷണമാലിന്യം നീക്കാന്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍;നടപടി വിവാദമായി, മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയില്ല;

Byadmin

Nov 25, 2026



അമ്പലപ്പുഴ: ഇവരും മനുഷ്യരാണ്. എന്നാല്‍ മനുഷ്യത്വമില്ലാത്തത് അധികൃതര്‍ക്കാണ്. ദിവസങ്ങള്‍ പഴക്കമുള്ള ദുര്‍ഗന്ധം വമിക്കുന്ന, പുഴുവരിക്കുന്ന ഭക്ഷണാവശിഷ്ടത്തിന്റെ മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനാപ്രവര്‍ത്തകരെ നിയോഗിച്ച് അധികൃതര്‍. നാല് ദിവസങ്ങള്‍മുന്‍പ് ദേശീയ പാതയ്‌ക്ക് സമീപം ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലെ കുറ്റിക്കാട്ടില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നു.ഇവ നീക്കം ചെയ്യാനാണ് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങളെ നിയോഗിച്ചത്.കുറ്റിക്കാട്ടില്‍ കിടന്ന ഈ ഭക്ഷണാവശിഷ്ടം തെരുവ് നായ്‌ക്കളാണ് കടിച്ചു വലിച്ച റോഡിലേക്കിട്ടത്.

18 ഓളം ചാക്കുകളിലായാണ് ഇവിടെ മാലിന്യം തള്ളിയിരുന്നത് ദുര്‍ഗന്ധം വമിക്കുന്ന, പുഴുവരിക്കുന്ന ഈ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാനെത്തിയ ഇവര്‍ ഛര്‍ദിച്ച് അവശരായി.റോഡിലൂടെ നടന്നു പോയവര്‍ പോലും മൂക്കു പൊത്തി നടക്കുമ്പോഴാണ് ഇവര്‍ ഇത് നീക്കം ചെയ്‌തത്. ജെസിബി പോലെയുള്ള യന്ത്രമുപയോഗിച്ച് കുഴിയെടുത്ത് ഇവ മറവ് ചെയ്യുന്നതിന് പകരം ഇത്രയും മലിനമായ ഈ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയ പഞ്ചായത്ത് അധികൃതരുടെ നിലപാട് മനുഷ്യത്വ രഹിതമാണെന്നാണ് വിമര്‍ശനം.

ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന് മുന്നിലാണ് ബിരിയാണിയും ഇറച്ചിയുമടങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഞായറാഴ്‌ച രാത്രിയോടെ ചാക്കില്‍ കെട്ടി തള്ളിയത്.ദേശീയ പാതക്കരികില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മുന്നിലെ കുറ്റിക്കാട്ടിലാണ് ഇവ തള്ളിയത്. ദുര്‍ഗന്ധം മൂലം ഇതിലൂടെ നടന്നു പോകാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.

മാലിന്യം കണ്ടതിന് പിന്നാലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തില്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ നഗരത്തിന് സമീപമുള്ള ഒരു കാറ്ററിങ് സ്ഥാപനത്തിന്റെ ബില്ലും കണ്ടെത്തിയിരുന്നു.

എന്നാല്‍ സ്ഥാപനത്തിനെതിരെ കേസെടുക്കാതെ പോലീസ് ഒത്തുകളി നടത്തുന്നതിനിടെയാണ് പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം ഹരിത കര്‍മ സേനാംഗങ്ങള്‍ ഈ ജോലി ഏറ്റെടുത്തത്.സ്ഥാപനമുടമക്കെതിരെ കേസെടുത്ത് ഇവരുടെ ചെലവില്‍ ഈ മാലിന്യം മറവ് ചെയ്യുന്നതിന് പകരം ഹരിത കര്‍മ സേനാംഗങ്ങളെ ഇതിനായി നിയോഗിച്ചതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

By admin