• Thu. Nov 26th, 2026

24×7 Live News

Apdin News

‘ഛോട്ടാ ബച്ചാ’ അല്ല, ഇവൻ കൊമ്പനാണ്! വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന് പിന്നാലെ ജഡേജ പങ്കുവെച്ച ആ കിടിലൻ എഡിറ്റ് ചിത്രം വൈറൽ!

Byadmin

Nov 26, 2026


ദോഹ: എസിസി പുരുഷ റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇക്കെതിരെ വെടിക്കെട്ട് ഇരട്ട സെഞ്ച്വറി നേടിയ കൗമാരതാരം വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. തന്റെ രാജസ്ഥാൻ റോയൽസ് സഹതാരത്തിന്റെ അവിശ്വസനീയ പ്രകടനത്തെ ആഘോഷിക്കാൻ രസകരമായ ഒരു എഡിറ്റ് ചെയ്ത ചിത്രമാണ് ജഡേജ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

സ്വർണ്ണ കിരീടവും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് നാടകീയവും ഗാംഭീര്യവുമുള്ള ഒരു രാജകീയ അവതാരത്തിലാണ് ചിത്രത്തിൽ 15 വയസ്സുകാരനായ സൂര്യവംശിയെ അവതരിപ്പിച്ചിരിക്കുന്നത്.

‘നന്നായി കളിച്ചു’ (Well played) എന്ന കുറിപ്പിനൊപ്പം സൂര്യവംശിയെയും രാജസ്ഥാൻ റോയൽസിനെയും ടാഗ് ചെയ്ത ജഡേജ, പശ്ചാത്തല സംഗീതമായി ആദിത്യ നാരായണൻ ആലപിച്ച ‘ഛോട്ടാ ബച്ചാ ജാൻ കെ’ എന്ന പ്രശസ്ത ഗാനവും ചേർത്തു. ജഡേജയുടെ ഈ വ്യത്യസ്തമായ ആശംസ നിമിഷനേരം കൊണ്ടാണ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തത്.

റെക്കോർഡുകൾ തകർത്തെറിഞ്ഞ ഇന്നിംഗ്സ്

ചൊവ്വാഴ്ച ദോഹയിൽ നടന്ന മത്സരത്തിൽ യുഎഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 14.2 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.

ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. 53 പന്തിൽ നിന്ന് 204 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വിസ്ഫോടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

28 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഇടംകൈയ്യൻ ഓപ്പണറുടെ ഇന്നിംഗ്സ്. മത്സരത്തിലുടനീളം യുഎഇ ബൗളർമാരെ നിഷ്പ്രഭമാക്കിയ താരം നിരവധി ലോക റെക്കോർഡുകളും സ്വന്തം പേരിലാക്കി:

വേഗതയേറിയ സെഞ്ച്വറി:

വെറും 28 പന്തിൽ സെഞ്ച്വറി തികച്ച സൂര്യവംശി, ഓസ്‌ട്രേലിയയുടെ ജെയ്ക്ക് ഫ്രേസർ-മക്‌ഗുർക്കിന്റെ (29 പന്ത്) ലിസ്റ്റ് എ റെക്കോർഡ് മറികടന്നു.

വേഗതയേറിയ ഇരട്ട സെഞ്ച്വറി:

40 പന്തിൽ 150 റൺസും 52 പന്തിൽ ഇരട്ട സെഞ്ച്വറിയും പൂർത്തിയാക്കി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. 2024-ൽ ഒട്ടാഗോയ്‌ക്കെതിരെ കാന്റർബറിക്കായി 103 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയ ന്യൂസിലൻഡിന്റെ ചാഡ് ബോവ്‌സിന്റെ റെക്കോർഡാണ് പഴങ്കഥയായത്.

സിക്സർ പെരുമഴ:

ഒരു ലിസ്റ്റ് എ ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (28) നേടുന്ന താരമെന്ന ലോക റെക്കോർഡും വൈഭവ് സ്വന്തമാക്കി.

204 റൺസെടുത്ത് സൂര്യവംശി പുറത്താകുമ്പോഴേക്കും ഇന്ത്യ എ വിജയമുറപ്പിച്ചിരുന്നു. സെമിഫൈനലിൽ ശ്രീലങ്ക എ ആണ് ഇന്ത്യയുടെ എതിരാളികൾ. നോക്കൗട്ട് പോരാട്ടത്തിലും ഈ മിന്നും ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുവതാരം.







By admin