• Tue. Nov 24th, 2026

24×7 Live News

Apdin News

ജാതിയുടെ ഉന്മൂലനമോ വര്‍ണത്തിന്റെ ശുദ്ധീകരണമോ?

Byadmin

Nov 24, 2026



ഭാരതത്തിന്റെ സാമൂഹികചരിത്രത്തിലെ ജാതി പ്രശ്നത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവമേറിയ ബൗദ്ധിക ഏറ്റുമുട്ടലുകളിലൊന്നാണ് ഡോ. ബി. ആര്‍. അംബേദ്കറും മഹാത്മാഗാന്ധിയും തമ്മിലുണ്ടായ ആശയസംഘര്‍ഷം. ഇരുവരും അയിത്തത്തെ ഗുരുതര അനീതിയായി കണ്ടു; ഇരുവരും സാമൂഹികപരിഷ്‌കാരത്തിന്റെ ആവശ്യകത അംഗീകരിച്ചു; ഇരുവരുടെയും പ്രവര്‍ത്തനത്തിന്റെ കേന്ദ്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മനുഷ്യാവകാശപ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ അവിടെനിന്ന് അവര്‍ സ്വീകരിച്ച വഴികള്‍ വ്യത്യസ്തമായിരുന്നു.

അംബേദ്കറുടെ ചോദ്യമാകട്ടെ, ”അയിത്തം എന്തുകൊണ്ട് ഉണ്ടായി?” എന്നതില്‍ നിന്ന് ”അയിത്തത്തെ സൃഷ്ടിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക ഘടന എന്താണ്?” എന്നതിലേക്കാണ് നീങ്ങിയത്. ഗാന്ധിയുടെ സമീപനം, പ്രത്യേകിച്ച് 1930-കളുടെ മധ്യത്തോടെ, ജാതിവ്യവസ്ഥയിലെ ഉയര്‍ച്ചതാഴ്‌ച, അയിത്തം, സാമൂഹിക അപമാനം എന്നിവ നീക്കി വര്‍ണ്ണത്തിന്റെ ഒരു ശുദ്ധീകരിച്ച രൂപം നിലനിര്‍ത്താനാകുമോ എന്ന അന്വേഷണത്തിലായിരുന്നു.

ഈ രണ്ട് സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഏറ്റവും സാന്ദ്രമായി പ്രത്യക്ഷപ്പെടുന്ന രേഖയാണ് അംബേദ്കറുടെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ (Annihilation of Caste). 1936-ല്‍ ജാതിവിരുദ്ധ സമ്മേളനത്തിനായി തയ്യാറാക്കിയ പ്രസംഗമായിരുന്ന ഇത് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടാതെ പോയെങ്കിലും പിന്നീട് അംബേദ്കര്‍ സ്വയം പ്രസിദ്ധീകരിച്ചു. അതിന്റെ പ്രസിദ്ധീകരണം ഇന്ത്യന്‍ ജാതിചര്‍ച്ചയുടെ ദിശ തന്നെ മാറ്റിയ ബൗദ്ധിക സംഭവമായി. ഗാന്ധി ഇതിന് ‘ഹരിജന്‍’വഴി പ്രതികരിച്ചു. അങ്ങനെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റും’ ‘ഹരിജനിലെ’ ഗാന്ധിയുടെ പ്രതികരണങ്ങളും ഒരുമിച്ച് വായിക്കുമ്പോള്‍, രണ്ടു വ്യക്തികളുടെ അഭിപ്രായവ്യത്യാസം മാത്രമല്ല, ഭാരത സമൂഹത്തെ മാറ്റുന്നതിന്റെ രണ്ട് വ്യത്യസ്ത ദാര്‍ശനിക പദ്ധതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്.

അംബേദ്കറുടെ ചോദ്യത്തിന്റെ കേന്ദ്രം: ജാതി ഒരു സാമൂഹികക്രമം മാത്രമല്ല

അംബേദ്കറുടെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ വായിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അദ്ദേഹം ജാതിയെ ഏതെങ്കിലും പ്രത്യേക ആചാരത്തിന്റെയോ സാമൂഹിക ദോഷത്തിന്റെയോ പേരായി കാണുന്നില്ല എന്നതാണ്. ജാതി അദ്ദേഹത്തിന് ക്രമബദ്ധമായ സാമൂഹിക അധികാര സംവിധാനമാണ്. ജന്മത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വ്യത്യസ്ത കൂട്ടങ്ങളാക്കി വിഭജിക്കുകയും ഓരോ കൂട്ടത്തിനും വ്യത്യസ്തമായ സാമൂഹികമാനവും അവകാശങ്ങളും ചുമതലകളും നിശ്ചയിക്കുന്ന ഘടനയാണ് ജാതി.

അതുകൊണ്ടുതന്നെ അംബേദ്കറുടെ കാഴ്‌ചയില്‍ അയിത്തം ജാതിവ്യവസ്ഥയുടെ പുറത്തുനിന്നുള്ള ഒരു രോഗമല്ല. അത് അതിന്റെ ഘടനയില്‍ നിന്നുതന്നെ വളര്‍ന്നുവരുന്ന ഒരു ഫലമാണ്. ഗാന്ധിക്ക് അയിത്തം ജാതിയുടെ ഒരു വികൃതഫലമായി തോന്നിയപ്പോള്‍, അംബേദ്കര്‍ക്ക് ജാതിയുടെ തന്നെ അടിസ്ഥാനതത്വത്തില്‍ പ്രശ്നമുണ്ടായിരുന്നു. ഗാന്ധിയുടെ ഹരിജനിലെ പ്രതികരണത്തില്‍ അംബേദ്കറുടെ നിലപാട് ഇങ്ങനെ സംഗ്രഹിക്കപ്പെടുന്നു: ‘The outcaste is a byproduct of the caste system.’ അതായത്, ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം, സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ എന്ന വിഭാഗവും നിലനില്‍ക്കും. അതിനാല്‍ മോചനത്തിന് ജാതിവ്യവസ്ഥയുടെ നാശം ആവശ്യമാണ്.

ഈ വാദത്തിന്റെ ശക്തി അതിന്റെ കാരണവിശകലനത്തിലാണ്. ഒരു സമൂഹത്തില്‍ ചില മനുഷ്യരെ ജന്മംകൊണ്ട് ഉയര്‍ന്നവരും ചിലരെ താഴ്ന്നവരുമാക്കി വേര്‍തിരിച്ചാല്‍, ആ വ്യത്യാസം വെറും വ്യക്തികളുടെ മനോഭാവത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല. അതിനെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളും മതപരമായ ന്യായീകരണങ്ങളും സാമൂഹികശീലങ്ങളും ചോദ്യം ചെയ്യേണ്ടിവരും. അതുകൊണ്ടാണ് അംബേദ്കറുടെ പരിഷ്‌കാര പരിപാടി സാമൂഹിക ഘടനയുടെ പുനര്‍നിര്‍മാണത്തിലേക്ക് നീങ്ങുന്നത്.

ജാതിയുടെ അടിത്തറയായി മതവും ശാസ്ത്രാധികാരവും

അംബേദ്കറുടെ വാദത്തില്‍ ഏറ്റവും നിര്‍ണായകമായ മറ്റൊരു ഘടകം ജാതിയും മതവും തമ്മിലുള്ള ബന്ധമാണ്. ജാതി വെറും സാമ്പത്തിക തൊഴില്‍ വിഭജനം മാത്രമായിരുന്നെങ്കില്‍ അതിനെ മാറ്റുന്നത് എളുപ്പമായേനെ. എന്നാല്‍ ഭാരതത്തിന്റെ ജാതിവ്യവസ്ഥയ്‌ക്ക് മതപരമായ അംഗീകാരവും വിശുദ്ധതയുടെ ബോധവും ലഭിച്ചിട്ടുണ്ടെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം ഗാന്ധിയുടേതില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാകുന്നത്. ഗാന്ധി ഹിന്ദുമതത്തിനകത്ത് നിന്നുകൊണ്ട് അതിന്റെ നൈതിക പുനര്‍വായന സാധ്യമാണെന്ന് വിശ്വസിച്ചു. അംബേദ്കര്‍ ചോദിച്ചത് അതിലും കഠിനമായ ഒരു ചോദ്യമാണ്: ഒരു സാമൂഹിക ക്രമത്തിന് മതത്തിന്റെ പേരില്‍ വിശുദ്ധത നല്‍കുന്നുവെങ്കില്‍, അതിനെ മതപരമായ അധികാരത്തില്‍ നിന്ന് മോചിപ്പിക്കാതെ സാമൂഹിക സമത്വം എങ്ങനെ സ്ഥാപിക്കും?

അംബേദ്കറുടെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ അതിനാല്‍ ഒരു സാമൂഹിക പരിഷ്‌കാര പ്രഖ്യാപനം മാത്രമല്ല; മതം, അധികാരം, സാമൂഹിക പദവി എന്നിവയുടെ ബന്ധത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനാത്മക ഗ്രന്ഥവുമാണ്. ജാതിയെ ഇല്ലാതാക്കണമെങ്കില്‍ ജാതിയെ ന്യായീകരിക്കുന്ന ആശയങ്ങളെയും ചോദ്യം ചെയ്യണം എന്നതാണ് അതിന്റെ ആന്തരിക തര്‍ക്കം. ആ നിലപാടാണ് പിന്നീട് അംബേദ്കറുടെ സാമൂഹിക ദര്‍ശനത്തിന്റെ അടിസ്ഥാനമായി മാറിയത്.

ഗാന്ധിയുടെ മറുപടി: ജാതിയും വര്‍ണ്ണവും വ്യത്യാസമുണ്ട്

ഗാന്ധിയുടെ പ്രതികരണം മനസ്സിലാക്കാന്‍ ‘ജാതി’ എന്നും ‘വര്‍ണ്ണം’ എന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നുവെന്ന കാര്യം നിര്‍ണായകമാണ്. ഗാന്ധിയുടെ കാഴ്‌ചയില്‍ നിലവിലുള്ള അനവധി ജാതികളും അവയോടനുബന്ധിച്ച ഉയര്‍ച്ചതാഴ്‌ചകളും അയിത്തവും വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ ആശയത്തോട് ഒത്തുപോകുന്നില്ല. അദ്ദേഹത്തിന്റെ വാദത്തില്‍ വര്‍ണ്ണം ഒരു തൊഴില്‍വിഭജനക്രമം എന്ന നിലയിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഗാന്ധി തന്റെ എഴുത്തുകളില്‍ ജാതിയെ ‘മോഡേണ്‍ സെന്‍സില്‍’ അംഗീകരിക്കുന്നില്ലെന്നും അത് പുരോഗതിക്ക് തടസ്സമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം വര്‍ണ്ണത്തെ വ്യത്യസ്ത സാമൂഹിക തത്വമായി സംരക്ഷിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ വര്‍ണ്ണത്തില്‍ ആരും ഉയര്‍ന്നവനോ താഴ്ന്നവനോ അല്ല; സമൂഹത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പൂരകങ്ങളാണ്.

ഇവിടെ ഗാന്ധിയുടെ ചിന്തയുടെ കേന്ദ്രത്തില്‍ സമത്വവും വ്യത്യാസവും തമ്മിലുള്ള ഒരു പ്രത്യേക ധാരണ കാണാം. മനുഷ്യര്‍ ആത്മീയമായി തുല്യരാണ്; എന്നാല്‍ സമൂഹത്തില്‍ വ്യത്യസ്ത തൊഴില്‍ ചുമതലകള്‍ നിര്‍വഹിക്കാം. അതിനാ
ല്‍ തൊഴില്‍വ്യത്യാസം സാമൂഹികമാന വ്യത്യാസമായി മാറരുത് എന്നാണ് ഗാന്ധിയുടെ വാദം.

എന്നാല്‍ അംബേദ്കറുടെ ചോദ്യം ഇതിനെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നു: തൊഴില്‍, ജന്മവുമായി ബന്ധിപ്പിച്ചാല്‍ ആ തൊഴില്‍വ്യത്യാസം സാമൂഹിക പദവിയായി മാറാതിരിക്കുമോ? പാരമ്പര്യ തൊഴില്‍ എന്ന ആശയം തലമുറകളിലേക്ക് കൈമാറുമ്പോള്‍ അത് ജന്മാധിഷ്ഠിതമായ സാമൂഹികബന്ധനമായി മാറാനുള്ള സാധ്യത ഒഴിവാക്കാനാകുമോ? ഈ ചോദ്യത്തിന് ഗാന്ധിയുടെ വര്‍ണ്ണസങ്കല്‍പ്പം നല്‍കുന്ന മറുപടി അംബേദ്കറെ തൃപ്തിപ്പെടുത്തിയില്ല.

നാളെ:
അയിത്തം: ലക്ഷ്യവുംവ്യാഖ്യാനങ്ങളും

By admin