
തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ഇത്തവണത്തെ മണ്ഡലകാലത്ത് തന്ത്രിയായി ചുമതലയേൽക്കേണ്ടത് രാജീവര് ആയിരുന്നെങ്കിലും, സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു. തനിക്ക് പകരം മകൻ ബ്രഹ്‌മദത്തനെ തന്ത്രിയായി നിയമിക്കണമെന്നും, മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂ ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഈ വിഷയത്തിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിസ്ഥാനം മാറ്റുന്നത് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ, കോടതിയുടെ അനുമതിയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ബോർഡ് അറിയിച്ചു.