കൊച്ചി: സാങ്കേതികവിദ്യയും കലയും കഥപറച്ചിലും ഒരുമിച്ച് ലയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സമന്വയത്തിന്റെ ശ്രദ്ധേയ പ്രതിനിധിയാണ് ആതിര ഹരികുമാര്‍. ഗെയിം ഡിസൈനര്‍, ആര്‍ക്കിടെക്ട്, നര്‍ത്തകി, എഴുത്തുകാരി, ചിത്രകാരി എല്ലാം ഒത്ത് ചേര്‍ന്ന ‘ബഹുമുഖ പ്രതിഭ’ എന്ന് വേണം ആതിരയെ വിശേഷിപ്പിക്കാന്‍.
എളമക്കരയിലെ പുന്നയ്‌ക്കല്‍ സ്വദേശിയായ ആതിര ഒരു പ്രൊഫഷണല്‍ ഗെയിം ഡിസൈനര്‍ ആണെങ്കിലും മറ്റ് കലാ മേഖലകളിലെല്ലാം ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തന്റെ പിറന്നാള്‍ ദിനത്തില്‍ ഔപചാരികമായി സാഹിത്യ ലോകത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍. ‘തളക്കാന്‍ ആകാഞ്ഞ യക്ഷിയുടെ കൊച്ചുമകള്‍’ എന്നാണ് ആതിരയുടെ ആദ്യ നോവലിന്റെ പേര്. സമകാലിക മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു സംഭാവനയാണ്. സ്ത്രീയുടെ ആന്തരിക ലോകത്തെ സൂക്ഷ്മമായി അന്വേഷിക്കുന്ന ഈ കൃതി, സാമൂഹിക ബന്ധങ്ങളുടെയും മാനസിക യാഥാര്‍ത്ഥ്യങ്ങളുടെയും ഗഹനമായ വിശകലനമാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ ആതിര, തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഡിജിറ്റല്‍ ഗെയിം ഡിസൈനില്‍ മാസ്റ്റേഴ്സും സ്വന്തമാക്കി. ഇപ്പോള്‍ ഹൈദരാബാദിലെ ഇഎ സ്‌പോര്‍ട്‌സില്‍ അസോസിയേറ്റ് ഗെയിം ഡിസൈനറാണ്.
തന്റെ കരിയര്‍ പോലെ തന്നെ ആതിരയ്‌ക്ക് പ്രധാനമാണ് കലാ ജീവിതവും. ഇടംകൈ കൊണ്ടുള്ള പെയിന്റിങ് ആണ് ആതിരയെ ശ്രദ്ധേയ ആക്കിയത്. മൂന്ന് വയസ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ആതിര ധാരാളം വേദികളില്‍ തന്റെ നൃത്ത വൈഭവം ഇതിനോടം അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാനുള്ളതല്ല തന്റെ കലാ സൃഷ്ടികള്‍ എന്ന ബോധ്യത്തോടെ പെയിന്റിങ്ങുകള്‍ക്കായി ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കുകയാണ് ആതിരയുടെ അടുത്ത ലക്ഷ്യം.
റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരികുമാറിന്റെയും കോളജ് അദ്ധ്യാപികയായ ഡോ. സ്മിത ഹരികുമാറിന്റെയും മകളാണ്. സഹോദരന്‍ അച്യുത് ഹരികുമാര്‍, ദുബായ്‌യില്‍ ആര്‍ക്കിടെറ്റ് ആണ്.