എരുമേലി: മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ 53 ദിവസം മാത്രം ശേഷിക്കെ, അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നകാര്യം അധികൃതര്‍ ചിന്തിച്ചു തുടങ്ങിയതുപേ ാലുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍,ദേവസ്വം ബോര്‍ഡ് അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തേണ്ട മുന്നൊരുക്ക യോഗങ്ങള്‍ പോലും ഇതുവരെ ചേര്‍ന്നിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വേണ്ടത് മാലിന്യമുക്തമായ ഒരു എരുമേലി
അയ്യപ്പഭക്തര്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോടിന്റെ സ്ഥിതി ദയനീയമാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങളും കീറത്തുണികളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തോട്ടില്‍ ഇപ്പോഴും കുമിഞ്ഞു കിടക്കുകയാണ്. ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. മാലിന്യമുക്തമായ എരുമേലിക്കുവേണ്ടിയുള്ള മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
കുടിവെള്ള പ്രശ്‌നം
എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് കുടിക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്റെ അപര്യാപ്തത. പല സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇവയുടെ ശുചിത്വം സുരക്ഷിതത്വം എന്നിവയെപ്പറ്റി നിലവില്‍ യാതൊരു ഉറപ്പുമില്ല. ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ പരിശോധനാ സംവിധാനങ്ങള്‍ വേണം. എരുമേലിയിലെ കടകളുടെ ലേല നടപടികള്‍ക്ക് കാണിക്കുന്ന താല്‍പര്യവും ധൃതിയും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണുന്നില്ല. കച്ചവടത്തിന് വേണ്ടിയുള്ള ലേലനടപടികള്‍ക്കപ്പുറം തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കാവണം മുന്‍ഗണനയെന്നും ഭക്തര്‍ പറയുന്നു.
സുരക്ഷിതമാക്കണം പേട്ടതുളളല്‍ പാത
പേട്ടതുള്ളലിന് സുരക്ഷിത ഗതാഗത ക്രമീകരണം വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നൈനാര്‍ പള്ളി മുതല്‍ എരുമേലി ക്ഷേത്രം വരെയുള്ള പേട്ടതുള്ളല്‍ പാതയില്‍ ഗതാഗതം നിയന്ത്രിച്ച് തീര്‍ത്ഥാടകര്‍ക്ക് അപകടരഹിതമായി ആചാരം ന ിര്‍വഹിക്കാനുള്ള സാഹചര്യം ഒരുക്കണം. പേട്ടതുള്ളല്‍ സമയത്ത് വാഹനഗതാഗതം ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഒന്നോ രണ്ടോ ബദല്‍ പാതകള്‍ സജ്ജമാക്കി വാഹനങ്ങള്‍ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ ഭക്തര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും.
വിശ്രമ മന്ദിരം
ക്ഷേത്ര പരിസരത്ത് അയ്യപ്പന്മാര്‍ക്ക് വിശ്രമത്തിനായി 15 കോടി രൂപ മുടക്കിയ കെട്ടിടത്തിന്റെ പണി അനിശ്ചിതത്തിലാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ പദ്ധതി ഇഴഞ്ഞുനീങ്ങുന്നുകയാണ്. ഈ തീര്‍ത്ഥാടനകാലത്തും ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയും ഭക്തര്‍ക്കില്ല.
ഭക്തര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കണം-ബിജെപി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് എരുമേലിയില്‍ ഭക്തര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ ആവശ്യപ്പെട്ടു.