
പത്തനംതിട്ട: ഉപഭോക്താക്കള്‍ അടക്കമുളളവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ മന്ത്രി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ പരാതി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാട്ടര്‍ അതോറിറ്റിയിലെ പ്രധാന ഉദ്യോഗസ്ഥര്‍ മുതല്‍ താഴേ തട്ടില്‍ വരെയുള്ളവര്‍ നിര്‍ബന്ധമായും ഫോണ്‍ എടുത്തിരിക്കണം. ആ സമയം എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിച്ച് മറുപടി കൊടുക്കണം. ഇക്കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല . ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളമൊട്ടാകെ ഇതാണ് അവസ്ഥ. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദിത്വമില്ലാതെ, ജനങ്ങളോട് നീതി കാണിക്കാതെ വാട്ടര്‍ അതോറിറ്റിയിലെ ഭൂരിഭാഗം ജീവനക്കാര്‍ കാണിക്കുന്ന തോന്ന്യാസം ഞങ്ങള്‍ കാണുന്നുണ്ട്. അത് യൂണിയനുകളുടെ സംരക്ഷണയിലാണ് ചെയ്യുന്നതെങ്കില്‍ ശക്തമായ ഇടപെടലുണ്ടാകും -മന്ത്രി മുന്നറിയിപ്പു നല്‍കി.