• Fri. Oct 23rd, 2026

24×7 Live News

Apdin News

തോറ്റത് ഇംഗ്ലണ്ട്, വീണത് ഇന്ത്യ; റൺമല കയറി ചരിത്രമെഴുതി ശ്രീലങ്ക

Byadmin

Oct 23, 2026


ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം സ്വന്തമാക്കി ശ്രീലങ്ക. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് ചെയ്സിങ് നടത്തി ലങ്ക വിജയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 429 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ശ്രീലങ്ക ഒരു പന്തും രണ്ട് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു.

ഏകദിന ഫോർമാറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചെയ്‌സിങ് ആണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ നടത്തിയത്. ഈ റെക്കോർഡിൽ ഇന്ത്യയെ മറികടന്നുകൊണ്ടാണ് ലങ്കയുടെ കുതിപ്പ്.

അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ആയിരുന്നു ഇന്ത്യയുടെ റെക്കോർഡ് ചെയ്‌സിങ് 406 റൺസ് ആയിരുന്നു ഇന്ത്യ കരീബിയൻ പടയ്ക്കെതിരെ മറികടന്നത്.

ഏകദിന ചരിത്രത്തിലെ റെക്കോർഡ് ചെയ്‌സിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് സൗത്ത് ആഫ്രിക്കയാണ് 2006ൽ ഓസ്ട്രേലിയക്കെതിരെ 435 റൺസ് ആയിരുന്നു സൗത്ത് ആഫ്രിക്ക മറികടന്നത്.

പവൻ രത്നനായയുടെ സെഞ്ച്വറി മികവിലാണ് ലങ്കയുടെ വിജയം. 106 പന്തുകളിൽ നിന്നും 15 ഫോറുകളും 8 സിക്സുകളും ഉൾപ്പെടെ 130 റൺസാണ് താരം അടിച്ചെടുത്തത്. അവിഷ്ക ഫെർണാണ്ടൊ, ദാസുൻ ഷനക എന്നിവർ 97 റൺസും ജനിത് ലിയാനഗെ പുറത്താവാതെ 67 റൺസും നേടി ലങ്കയുടെ ചരിത്ര വിജയത്തിൽ പങ്കാളികളായി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറി നേടി ക്യാപ്റ്റൻ ഹാരി ബ്രുക് തിളങ്ങി. മത്സരത്തിൽ 116 പന്തിൽ 202 റൺസ് നേടിയാണ് ഇംഗ്ലണ്ട് നായകൻ തിളങ്ങിയത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറിയാണ് ബ്രൂക്ക് അടിച്ചെടുത്തത്. 104 പന്തുകളിൽ നിന്നുമാണ് താരത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.

ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പേരിലുള്ള റെക്കോർഡ് തകർത്താണ് ബ്രൂക് ചരിത്രം കുറിച്ചത്. അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ആയിരുന്നു ഗില്ലിന്റെ റെക്കോർഡ് ഇരട്ട സെഞ്ച്വറി നേട്ടം. 117 പന്തുകളിൽ നിന്നുമായിരുന്നു ഗിൽ 200 കടന്നത്.

ജോ റൂട്ട്, വിൽ ജാക്സ് എന്നിവർ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. 66 പന്തുകളിൽ നിന്നും 69 റൺസ് ആണ് റൂട്ട് നേടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ജാക്സ് 30 പന്തിൽ പുറത്താവാതെ 66 റൺസും നേടി ഇംഗ്ലണ്ടിന് വമ്പൻ ടോട്ടൽ സമ്മാനിച്ചു. എട്ട് ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇന്നിംഗ്സ്.







By admin