കൊച്ചി: ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ രൂക്ഷമായി വിമര്‍ശിച്ച അഡ്വ. ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍.മട്ടാഞ്ചേരിയിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.
തിരുവനന്തപുരത്ത് നിന്നുളള സൈബര്‍ പൊലീസ് സംഘമാണ് ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തുന്നത്.മട്ടാഞ്ചേരി പൊലീസും ഒപ്പമുണ്ട്.പൊലീസിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സാക്ഷികളുമുണ്ട്.
ഞായറാഴ്ച ടി ജി വീട്ടിലുളള സമയം നോക്കിയാണ് പൊലീസ് എത്തിയത്. നീറ്റ് പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉന്നയിച്ച് ദല്‍ഹി ജന്തര്‍ മന്തറില്‍ അക്രമ സമരം നടത്തിയവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ടി ജി വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോകള്‍ അപ്ലോഡ് ചെയ്ത കംപ്യൂട്ടറും ഫോണും പിടിച്ചെടുക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.
പൊലീസ് കേസെടുത്ത് 11 ദിവസത്തിന് ശേഷമാണ് ടി ജിയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. ടി ജിയുടേത് സ്വന്തം അഭിപ്രായമാണെന്ന് ആര്‍ എസ് എസ് നേരത്തേ പറഞ്ഞിരുന്നു.ആര്‍എസ്എസ് ചുമതലയില്‍ മോഹന്‍ദാസ് ഇല്ലെന്നും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസും ഇടത് യുവജനസംഘടനകളും ഉള്‍പ്പെടെ ആണ് ടി ജി മോഹന്‍ദാസിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് കാട്ടി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എത്തിയത്.
തിരുവനന്തപുരം സൈബര്‍ പൊലീസ് കലാപാഹ്വാനത്തിനും പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതിനും ആണ് ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്.