• Fri. Sep 11th, 2026

24×7 Live News

Apdin News

ദുബായിൽ ഇനി സ്പോൺസറില്ലാതെയും ജോലി തപ്പാം; യു.എ.ഇയുടെ ‘ജോബ് എക്സ്പ്ലോറേഷൻ വിസ’യെക്കുറിച്ച് അറിയേണ്ടതെല്ലാം

Byadmin

Sep 11, 2026


പ്രവാസികൾക്ക് വൻ ആശ്വാസമേകുന്ന പുതിയ വിസ സംവിധാനവുമായി യു.എ.ഇ. ഇനി മുതൽ പ്രാദേശിക സ്പോൺസർമാരുടെ സഹായമില്ലാതെ തന്നെ പ്രവാസികൾക്ക് യു.എ.ഇയിലെത്തി നേരിട്ട് ജോലി അന്വേഷിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ആണ് ‘വിസിറ്റ് വിസ ടു എക്‌സ്‌പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്’ (Job Exploration Visa) എന്ന ഈ സേവനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഈ സിംഗിൾ എ എൻട്രി വിസ ഉപയോഗിച്ച് യു.എ.ഇയിൽ എത്തുന്നവർക്ക് നേരിട്ട് കമ്പനികളെ സമീപിക്കാനും അഭിമുഖങ്ങളിലും റിക്രൂട്ട്‌മെന്റ് പ്രക്രിയകളിലും പങ്കാളികളാകാനും സാധിക്കും.

പ്രധാന സവിശേഷതകളും കാലാവധിയും:

വിസ കാലാവധി: 60, 90, 120 ദിവസങ്ങളിലേക്ക് ഈ വിസ ലഭ്യമാണ്.

കാലാവധി നീട്ടൽ: നിശ്ചിത നിയമങ്ങൾക്ക് വിധേയമായി വിസയുടെ താൽക്കാലിക താമസ കാലാവധി പരമാവധി 180 ദിവസം വരെ നീട്ടി നൽകും.

അപേക്ഷിക്കാനുള്ള യോഗ്യതകൾ:

വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.

തൊഴിൽ നൈപുണ്യം: യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) നിർണ്ണയിച്ചിട്ടുള്ള സ്കിൽ ലെവൽ 1, 2, 3 വിഭാഗങ്ങളിൽപ്പെടുന്ന ജോലികൾക്കായിരിക്കണം അപേക്ഷിക്കുന്നത്.

നവാഗതർക്ക് പ്രത്യേക അവസരം: ലോകത്തിലെ മുൻനിര 500 സർവ്വകലാശാലകളിൽ ഒന്നിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കിയ യുവ പ്രതിഭകൾക്കും അപേക്ഷിക്കാം.

സാമ്പത്തിക ശേഷി: യു.എ.ഇയിൽ തങ്ങുന്ന കാലയളവിലെ സ്വന്തം ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത തെളിയിക്കാൻ സാധിക്കണം.

ആവശ്യമായ രേഖകൾ:

കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്.

പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്.

സാക്ഷ്യപ്പെടുത്തിയ (Attested) വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ.

സാമ്പത്തിക ശേഷി വ്യക്തമാക്കുന്ന ബാങ്ക് രേഖകൾ.

അപേക്ഷിക്കുന്ന തസ്തികയ്ക്ക് ആവശ്യമായ പ്രവൃത്തിപരിചയ രേഖകൾ.

എങ്ങനെ അപേക്ഷിക്കാം?

GDRFA ദുബായ് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴിയോ, ICP (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി) ഓൺലൈൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം.

വ്യക്തിഗത വിവരങ്ങൾ നൽകി, വിസ കാലാവധി തിരഞ്ഞെടുത്ത്, ആവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കാം.

അനുമതി ലഭിക്കുന്ന മുറയ്ക്ക് വിസ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും ഗൾഫ് നാടുകളിൽ ജോലി സ്വപ്നം കണ്ട് യാത്ര തിരിക്കുന്നത്. ഏജന്റുമാരുടെയോ സ്പോൺസർമാരുടെയോ സഹായമില്ലാതെ നേരിട്ട് കമ്പനികളെ സമീപിക്കാൻ വഴി തുറക്കുന്നതോടെ പ്രവാസി ഉദ്യോഗാർത്ഥികൾക്ക് ഈ സംവിധാനം വലിയൊരു നാഴികക്കല്ലാകും.







By admin