
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രാദേശിക നേതാവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കേസിൽ ഉൾപ്പെടുത്തിയിരുന്ന നാല് മുതൽ 20 വരെയുള്ള പ്രതികളെയും കോടതി വെറുതെവിട്ടു. രാഷ്‌ട്രീയ പ്രേരിതമായി ബിജെപി-ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ നടത്തിയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി.
ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് അസന്നിഗ്ധമായി വ്യക്തമാക്കി. 20 പ്രതികളിൽ 19 പേർക്കുമേൽ പോലീസ് ചുമത്തിയ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും, ഗൂഢാലോചന നടത്തിയെന്ന വാദം ഒട്ടും വിശ്വാസ്യയോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പാർട്ടി കോട്ടയിൽ കടന്നുകയറി ധനരാജിനെ കൊലപ്പെടുത്താൻ തങ്ങൾ ശ്രമിക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലക്കെടുത്തു.
പോലീസ് വീഴ്‌ചകളും കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും:
മൊഴികളിലെ വൈരുധ്യങ്ങൾ: സാക്ഷികൾക്ക് പോലീസിൽ നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാൻ സാധിച്ചില്ല. ഒന്നാം സാക്ഷിയുടെ മൊഴിയിൽ കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും, കൊല്ലപ്പെട്ട ധനരാജിന്റെ അമ്മയ്‌ക്കും ഭാര്യയ്‌ക്കും സംഭവം കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായ പിഴവുകൾ: ധനരാജിന്റെ മരണമൊഴി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, അധികാരപരിധിയില്ലാത്ത മജിസ്‌ട്രേറ്റാണ് സാക്ഷിമൊഴി രേഖപ്പെടുത്തിയതെന്ന ഗുരുതരമായ പോലീസ് വീഴ്‌ചയും വിധിന്യായത്തിൽ എടുത്തുപറഞ്ഞു.
തെളിവുകളുടെ അഭാവം: കൊലപാതകത്തിന് പിന്നിലെ രാഷ്‌ട്രീയ വൈരാഗ്യമോ ഉദ്ദേശ്യമോ (മോട്ടീവ്) തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ പോലും കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
2016 ജൂലൈ 11-ന് രാത്രി പത്തുമണിയോടെയാണ് രാമന്തളി കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്ത് വെച്ച് ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘം വീട്ടുകാരുടെ കൺമുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2025 സെപ്റ്റംബർ 25-ന് ആരംഭിച്ച വിചാരണയിൽ 43 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു.
ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പയ്യന്നൂരിൽ ബി.എം.എസ് പ്രവർത്തകനായ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളും പ്രാദേശിക രാഷ്‌ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.