ഇരിങ്ങാലക്കുട: ധുരന്ധര്‍ എന്ന ഒറ്റ സിനിമയിലൂടെ ബോളിവുഡിലെ പുതിയ നായികയായി മാറിയ സാറാ അര്‍ജുന്‍ അഭിനയത്തിലെ നവരസസാധ്യതകള്‍ പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍. അഭിനയകലയുടെ ആഴങ്ങള്‍ തേടി സാറ എത്തിയിരിക്കുന്നത് കലാമണ്ഡലം ചന്ദ്രശേഖരന്റെ അടുത്ത്.
അദ്ദേഹം നടത്തുന്ന ‘നവരസ സാധന’ അഭിനയ കളരിയില്‍ പങ്കെടുക്കാനാണ് സാറാ അര്‍ജുന്‍ എത്തിയത്. ക്യാമറയ്‌ക്ക് മുന്നിലെ സ്വാഭാവിക നടനത്തിലൂടെ കാണികളെ ഞെട്ടിച്ച താരമാണ് സാറാ അര്‍ജുന്‍. ധുരന്ദറില്‍ പാകിസ്ഥാനിലെ അധോലോകസംഘ നേതാവിന്റെ മകളായ യാലിന ജമാലി എന്ന കഥാപാത്രത്തെ മിഴിവോടെ സ്ക്രീനില്‍ അവതരിപ്പിച്ച സാറാ അര്‍ജുന് വലിയ കയ്യിയാണ് ഉയര്‍ന്നത്. പക്ഷെ ഈ പഠന കളരിയില്‍ ഭാരതീയ അഭിനയകലയുടെ അടിത്തറയായ നവരസങ്ങള്‍ പഠിച്ച് തന്റെ അഭിനയപാടവം തേച്ചുമിനുക്കുക എന്നതായിരുന്നു സാറയുടെ ലക്ഷ്യം. അഭിനയത്തോട് സാറ പുലര്‍ത്തുന്ന ഈ അഭിനിവേശം പലരെയും അത്ഭുതപ്പെടുത്തുന്നു.
കലാമണ്ഡലം വി.കെ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന പരിശീലന ക്യാമ്പില്‍, യാതൊരു മേക്കപ്പുമില്ലാതെ എങ്ങിനെ രസങ്ങള്‍ മുഖത്ത് വരുത്താമെന്നതിലാണ് സാറ പരിശീലനം നേടിയത്. ഉള്ളിലെ വികാരങ്ങളെ ക്യാമറയ്‌ക്ക് മുന്നില്‍ കൂടുതല്‍ സൂക്ഷമതയോടെ അവതരിപ്പിക്കാന്‍ ഇരിങ്ങാലക്കുടയിലെ പാഠങ്ങള്‍ സാറയെ പഠിപ്പിച്ചു.