
ന്യൂദല്‍ഹി: ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവര്‍ തിരുപ്പറക്കുണ്ഡ്രം സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ചുമതല ഉടൻ തന്നെ—കഴിയുമെങ്കിൽ വെള്ളിയാഴ്‌ച തന്നെ—ഏറ്റെടുക്കാന്‍ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുസരിച്ച് ക്ഷേത്രത്തിന്റെ ‘റിസീവർ’മാരായ ഇവര്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇവർക്ക് ആവശ്യമായ സഹായം നൽകാൻ തമിഴ്നാട് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, ക്ഷേത്രത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിച്ചുകൊണ്ട് വേണം ക്ഷേത്രകാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനെന്നും വ്യക്തമാക്കി.
ക്ഷേത്രഭാരവാഹികളുമായി കൂടിയാലോചന നടത്താൻ റിസീവർമാരോട് കോടതി നിർദ്ദേശിച്ചു. ‘ഉച്ചിപ്പിള്ളയാർ മണ്ഡപ’ത്തിൽ ദീപം ഇപ്പോഴും അണയാതെ നിൽക്കുന്നുണ്ടെങ്കിൽ, ആ ദീപം ഉപയോഗിച്ച് വേണം മലമുകളിലെ ‘ദീപത്തൂണി’ൽ ദീപം തെളിക്കാൻ.
നവമ്പര്‍ 28 ശനിയാഴ്‌ച മലയിൽ ഭക്തർക്ക് ദീപം തെളിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. അതേ സമയം സിക്കന്തര്‍ ദർഗയ്‌ക്ക് ചുറ്റും 50 മീറ്റർ അകലം പാലിക്കണമെന്ന നിബന്ധനയുണ്ട്. ‘ദീപത്തൂൺ’ ഉൾപ്പെടെ ദീപം തെളിക്കുന്ന മറ്റെല്ലാ സ്ഥലങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ക്ഷേത്രത്തിന്റെയും ദർഗയുടെയും ബാക്കി മലമ്പ്രദേശത്തിന്റെയും സുരക്ഷാ ചുമതല സി.ആർ.പി.എഫിനെ (CRPF) ഏൽപ്പിച്ചിരിക്കുന്നതിനാല്‍ കേന്ദ്രസേന ഉടന്‍ തന്നെ സുരക്ഷാ ചുമതല ഏറ്റെടുക്കും. .
മുസ്ലീം ഭക്തർക്ക് മുരുകമലയുടെ മുകളിലെ സിക്കന്തര്‍ ദർഗയിലെത്താനും അവിടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ സേനയോട് കോടതി നിർദ്ദേശിച്ചു. ദീപങ്ങൾ തെളിക്കാൻ വിശാലമായ അനുമതി നൽകിയതിനെക്കുറിച്ച് ദർഗയുടെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മുസ്ലിം ദർഗയുടെ ഭൂമി സംരക്ഷിക്കുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിക്കാമെന്ന് കോടതി അറിയിച്ചു. അതേ സമയം ഈ ഉത്തരവിലൂടെ പ്രസ്തുത ഭൂമിയിൽ ആർക്കും യാതൊരു അവകാശവും ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.