• Fri. Oct 30th, 2026

24×7 Live News

Apdin News

നാലാം ടി-20യിൽ ഇന്ത്യ വീണു; വമ്പൻ വിജയം റാഞ്ചി കിവികൾ

Byadmin

Oct 30, 2026


ന്യൂസിലൻഡിനെതിരായ നാലാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് 87 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ടിം സീഫെർട്ടിനെ (3) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഫിൻ അലനെ കാഴ്ചക്കാരനാക്കി ഡാരിൽ മിച്ചൽ തകർത്തടിച്ചതോടെ കിവീസ് കുതിച്ചു. 9 പന്തിൽ 24 റൺസെടുത്ത മിച്ചലിനെ മായങ്ക് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യക്ക് ആദ്യ ഘട്ടത്തിൽ ആശ്വാസം നൽകി.

പവർപ്ലേയിൽ 67 റൺസിലെത്തിയ കിവീസിനായി മൂന്നാം വിക്കറ്റിൽ അലനും ഫിലിപ്സും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി. 17 പന്തിൽ 31 റൺസെടുത്ത ഫിൻ അലനെ അക്ഷർ പട്ടേൽ പുറത്താക്കി. തുടർന്നെത്തിയ ബെവോൺ ജേക്കബ്സ് (7) പെട്ടെന്ന് മടങ്ങിയെങ്കിലും, പിന്നീടുള്ള ഓവറുകളിൽ ക്രീസിൽ ഒത്തുചേർന്ന ഫിലിപ്സ് – ബ്രേസ്‌വെൽ സഖ്യം ഇന്ത്യൻ ബൗളിംഗിനെ അക്ഷരാർത്ഥത്തിൽ തകർത്തുവിടുകയായിരുന്നു.

നാലാം വിക്കറ്റിൽ വെറും 34 പന്തിൽ നിന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 12 മുതൽ 17 വരെയുള്ള 5 ഓവറുകളിൽ നിന്ന് മാത്രം ഈ സഖ്യം അടിച്ചെടുത്തത് 100 റൺസാണ്.

46 പന്തിൽ സെഞ്ചുറി തികച്ച താരം, 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസെടുത്ത് പുറത്തായി. ഇന്നിങ്സിന്റെ അവസാന ഓവറിൽ നിതീഷ് കുമാറിനെതിരെ തുടർച്ചയായി സിക്സറുകൾ പറത്തിയാണ് താരം വിടവാങ്ങിയത്.

മൈക്കൽ ബ്രേസ്‌വെൽ വെറും 19 പന്തിൽ അർധസെഞ്ചുറിയിലെത്തി. 25 പന്തിൽ 65 റൺസാണ് താരം നേടിയത്.

ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ വിയർത്തപ്പോൾ, വേഗതയാർന്ന പന്തുകളിലൂടെ മായങ്ക് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രിൻസ് യാദവും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നവംബർ ഒന്നിനാണ് പരമ്പരയിലെ അവസാന മത്സരം.







By admin