• Sat. Nov 21st, 2026

24×7 Live News

Apdin News

നിലയ്‌ക്കലില്‍ ജിയോടാഗ് വഴി ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ് നടപ്പിലാക്കണം: കുമ്മനം രാജശേഖരന്‍

Byadmin

Nov 21, 2026



തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കുറയാന്‍ കാരണം ദേവസ്വം ബോര്‍ഡിന്റെ മുന്നൊരുക്കങ്ങളിലെ വീഴ്ചയും അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങളുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. അയ്യപ്പന്മാരുടെ എണ്ണം കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത് പരിഹാസ്യമാണ്.

ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ക്കും സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയതും വെര്‍ച്വല്‍ ക്യൂ സൈറ്റിലെ സാങ്കേതിക തകരാറുകളുമാണ് സാധാരണ ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ചില ടൂറിസ്റ്റ് കമ്പനികളും ഏജന്‍സികളും വന്‍തോതില്‍ സ്ലോട്ടുകള്‍ കൂട്ടത്തോടെ കൈവശപ്പെടുത്തുന്നുണ്ടോ എന്ന് ഗൗരവമായി അന്വേഷിക്കണം. ഭക്തര്‍ സന്നിധാനത്തേക്ക് എത്താതിരുന്നാല്‍ തിരക്കില്ലാതെ എല്ലാം ‘സുഗമമായി’ നടക്കുമെന്ന നിലപാടാണ് അധികൃതര്‍ക്ക്.

നിലയ്‌ക്കലിലെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ഭക്തര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ദുരിതം ഒഴിവാക്കാന്‍ ‘ജിയോടാഗ് വഴിയുള്ള ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ്’ അടിയന്തരമായി നടപ്പിലാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. നിലയ്‌ക്കല്‍ പ്രദേശത്തിന്റെ ഭൗമസ്ഥാന പരിധിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ വഴി ഔദ്യോഗിക വെബ്‌സൈറ്റല്‍ നേരിട്ട് ഡിജിറ്റലായി സ്‌പോട്ട് ബുക്കിംഗ് നടത്താന്‍ സൗകര്യമൊരുക്കണം.ഇതോടൊപ്പം നിലയ്‌ക്കലില്‍ കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ്-പാസ് പരിശോധനാ കൗണ്ടറുകള്‍ തുറക്കുകയും, ഓണ്‍ലൈന്‍ സ്ലോട്ട് ലഭിക്കാതെ എത്തുന്ന ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ക്കും വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ദര്‍ശനം നിഷേധിക്കപ്പെടാതിരിക്കാന്‍ പ്രത്യേക ക്രമീകരണം ഒരുക്കുകയും വേണം.

വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് ക്വാട്ടകളുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്നും, മുഴുവന്‍ സ്ലോട്ടുകളും ഒരുമിച്ച് തുറക്കുന്നതിന് പകരം ദര്‍ശന തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി സ്ലോട്ടുകള്‍ അനുവദിക്കണമെന്നും കുമ്മനം രാജശേഖരന്‍ നിര്‍ദ്ദേശിച്ചു. യാത്ര ഒഴിവാക്കുന്നവരുടെ സ്ലോട്ടുകള്‍ കൃത്യസമയത്ത് റദ്ദാക്കി ഓണ്‍ലൈന്‍ വഴിയോ സ്‌പോട്ട് ബുക്കിംഗ് വഴിയോ ഉടന്‍ ലഭ്യമാക്കാന്‍ സ്വയംനിയന്ത്രിത സംവിധാനം നടപ്പിലാക്കണം. അവസാന നിമിഷമുള്ള റദ്ദാക്കലുകള്‍ തടയാന്‍ സമയപരിധി നിശ്ചയിക്കുകയും, ബുക്കിംഗ് റദ്ദാക്കുന്നവര്‍ക്ക് വീണ്ടും ബുക്ക് ചെയ്യാന്‍ നിശ്ചിത ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തി ടൂറിസ്റ്റ് ഏജന്‍സികളുടെ കൂട്ട-വ്യാജ ബുക്കിംഗുകള്‍ കര്‍ശനമായി തടയുകയും വേണം.

പുതിയ സ്ലോട്ടുകള്‍ തുറക്കുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി വെബ്‌സൈറ്റിലെ സെര്‍വര്‍ തകരാറുകള്‍ പരിഹരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

 

By admin