ന്യൂയോർക്ക് : 2020 മുതൽ യുഎപിഎ ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട ദൽഹി കലാപ കേസിലെ മുഖ്യപ്രതി ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വീണ്ടും രംഗത്തെത്തി. നെൽസൺ മണ്ടേല ഫൗണ്ടേഷനിൽ നടത്തിയ പ്രസംഗത്തിൽ സൊഹ്‌റാൻ, ഉമർ ഖാലിദിനെ പരാമർശിച്ചു. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റും ലോകനേതാവുമായ നെൽസൺ മണ്ടേലയുടെ 27 വർഷത്തെ തടവ് അനുസ്മരിച്ചുകൊണ്ട് ഉമർ ആറ് വർഷമായി ജയിലിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ആദ്യം സൊഹ്‌റാൻ ഉമറിനെ പിന്തുണച്ച് സംസാരിച്ചിരുന്നു.
“ഉമർ ഖാലിദ് ദൽഹിയിൽ ആറാം വർഷം തടവിൽ കഴിയാൻ തുടങ്ങുമ്പോൾ, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നമ്മൾ കാത്തിരിക്കരുത്. മാഡിബ (നെൽസൺ മണ്ടേല)ക്കെതിരെ ചുമത്തിയ അതേ കെട്ടിച്ചമച്ച ഭീകരവാദ കുറ്റങ്ങൾ ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട ഒരു രാഷ്‌ട്രീയ തടവുകാരനാണ് അദ്ദേഹം,” – സൊഹ്‌റാൻ മംദാനി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ കാലതാമസം വരുത്തരുത്: മംദാനി
മാഡിബ മറ്റുള്ളവർക്ക് നൽകിയ ഐക്യദാർഢ്യം, ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചുവെന്ന് സൊഹ്‌റാൻ മംദാനി പറഞ്ഞു. അതേ ഐക്യദാർഢ്യത്തിലൂടെ നമുക്കും അത് ചെയ്യാൻ കഴിയും. ഭയാനകമായ സംഭവങ്ങൾ കടന്നുപോയതിനുശേഷം എല്ലാവരും ഐക്യദാർഢ്യത്തിൽ നിൽക്കുമെന്ന് അവകാശപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നമുക്ക് എന്തെങ്കിലും നഷ്ടം വരുത്തുന്നതുവരെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നമ്മൾ എന്തിന് കാത്തിരിക്കണമെന്ന് മംദാനി ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായും പൂർണ്ണമായും ഉത്തരം നൽകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ ജീവിതത്തിലും, നമ്മുടെ രാഷ്‌ട്രീയത്തിലും, ലോകത്തിലൂടെ സഞ്ചരിക്കുന്ന രീതിയിലും ഐക്യദാർഢ്യം ഉൾപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മംദാനി പറഞ്ഞു.
2020 ലെ ദൽഹി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിദ്യാർത്ഥി നേതാവും തീവ്ര ഇസ്ലാമിസ്റ്റുമായ ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തിലേറെയായി ഇയാൾ ജയിലിലാണ്. കൂടാതെ ഉമർ ഖാലിദിന്റെ കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ജാമ്യാപേക്ഷ കോടതി പലതവണ നിരസിച്ചതിനാൽ അയാളെ ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.