• Mon. May 4th, 2026

24×7 Live News

Apdin News

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

Byadmin

May 4, 2026


ടെഹ്റാന്‍: നൊബേല്‍ സമ്മാന ജേതാവും ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം. ജയിലില്‍ വച്ചുണ്ടായ മര്‍ദനത്തെത്തുടര്‍ന്ന് അമ്പതുകാരിയായ നര്‍ഗീസിന്റെ ആരോഗ്യം നേരത്തെ മോശമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ നര്‍ഗീസിനെ സഞ്ജാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്‌ക്കായി ടെഹ്റാനിലേക്ക് മാറ്റുന്നതിനെ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം എതിര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആഞ്ചിയോഗ്രഫി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ആവശ്യമാണെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. നര്‍ഗീസിന്റെ ജീവന്‍ ഇറാന്‍ അധികൃതരുടെ കൈകളിലാണെന്നും ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നര്‍ഗീസ് മരിച്ചാല്‍ പോലും പ്രശ്‌നമില്ല എന്ന തരത്തിലാണ് ഇറാന്‍ സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ഭര്‍ത്താവ് വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.

രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, സര്‍ക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങള്‍ക്കായി 13 വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു നര്‍ഗീസ്. 2024 അവസാനം പരോള്‍ ലഭിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വീണ്ടും അറസ്റ്റിലായി.



By admin