കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ തുടര്‍ന്നു. പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല.
പാര്‍ട്ടിയോഗങ്ങളില്‍ സാധാരണയായി തുറന്നുപറയാന്‍ മടിക്കുന്നവര്‍ പോലും ഇത്തവണ യോഗത്തില്‍ മുന്നോട്ടുവന്ന് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പല വിഷയങ്ങളിലും അന്വേഷണം നടത്താമെന്ന് നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു. പി.ബി. അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിച്ചെന്ന് യോഗത്തില്‍ വിമര്‍ശനം ഉണ്ടായി.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്റെ ഭാഷയും ശൈലിയും രീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്ന് വിമര്‍ശനമുയര്‍ന്നു. പുതിയ ‘ജെന്‍സി’ തലമുറയുടെ ചിന്തകളെയും മാറ്റങ്ങളെയും മനസിലാക്കുന്നതില്‍ പാര്‍ട്ടി പിന്നാക്കം പോയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടിട്ടും അത് മുന്നില്‍ക്കണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടും തോറ്റതില്‍ രാഷ്‌ട്രീയമായ വീഴ്ചയുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അമിത ആത്മവിശ്വാസത്തില്‍ പല മണ്ഡലങ്ങളും പാര്‍ട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ല. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ജാഗ്രതക്കുറവുണ്ടായി. പേരാവൂരില്‍ മത്സരിച്ച കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രമുഖ നേതാക്കളാരും എത്തിയില്ലെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു.
എന്നാല്‍ തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുടെ വിജയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ നേരിട്ട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ഉറച്ച മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയം അങ്ങേയറ്റം അപമാനകരമാണെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.