പാണക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ പഠനം നടത്തിവരികയാണെന്ന് കൊയ്യോട് പി.പി. ഉമര്‍ മുസ്ലിയാര്‍ വ്യക്തമാക്കി. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യവും സമാധാനപരവും സൗഹൃദപൂര്‍ണ്ണവുമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള പരമോന്നത നേതൃത്വവുമായി ഒന്നിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തി വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരി സാദാത്തുക്കളുമായി കുടുംബപരമായി വലിയ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ഉമര്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. ‘വളാഞ്ചേരി സാദാത്തുക്കള്‍ എന്ന് പറയുന്നത് മുസ്ലിം ഉമ്മത്തിന്റെ വലിയ പ്രതീക്ഷയും അഭിമാനവുമാണ്. വളരെക്കാലം മുമ്പുതന്നെ പാണക്കാട് കുടുംബവുമായി ഞങ്ങള്‍ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. എന്റെ പിതാവ് ഉള്‍പ്പെടെയുള്ള മഹാന്മാരായ പണ്ഡിതന്മാര്‍ ഈ ആദരണീയ കുടുംബവുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയവരാണ്. ആ പാരമ്പര്യം തുടര്‍ന്നുകൊണ്ട് ചെറുപ്പം മുതലേ എനിക്കും പാണക്കാട് കുടുംബവുമായി വലിയ ബന്ധമുണ്ട്. മഹാനായ സാദിഖലി തങ്ങള്‍ മുന്‍പ് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, പിതാവ് ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നെയാണ് തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. അന്നുമുതല്‍ തുടരുന്ന വലിയ ബന്ധമാണ് ഇപ്പോഴുമുള്ളത്,’ അദ്ദേഹം പറഞ്ഞു.

മഹാനായ തങ്ങളോട് അനുവാദം ചോദിച്ചും അവരുടെ ആശീര്‍വാദം വാങ്ങിയുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്ന് ഉമര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ചുമതലയേറ്റ ശേഷം തങ്ങളെ നേരില്‍ കാണാനും ദുആ വാങ്ങാനുമാണ് ഇവിടെ എത്തിയത്. തങ്ങളുടെ പിതാവിന്റെയും ജ്യേഷ്ഠന്മാരുടെയും ഉള്‍പ്പെടെ നിരവധി മഹത്തുക്കളായ സാദാത്തുകളുടെ മഖ്ബറകളില്‍ സിയാറത്ത് പൂര്‍ത്തിയാക്കി, തങ്ങളില്‍ നിന്ന് ആശീര്‍വാദവും പ്രാര്‍ത്ഥനയും തേടിയതായും അദ്ദേഹം അറിയിച്ചു. വരുംനാളുകളില്‍ ബാക്കി സംഘടന കാര്യങ്ങളെല്ലാം തങ്ങളുമായി കൂടുതല്‍ ചര്‍ച്ച ചെയ്ത്, ആലോചിച്ച് തികച്ചും സുതാര്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
The post പാണക്കാട് തങ്ങമ്മാര്‍ സമുദായത്തിന്റെ പ്രതീക്ഷയും അഭിമാനവും, കുടുംബവുമായി ദീര്‍ഘകാലത്തെ ആത്മബന്ധം, ആ പാരമ്പര്യം തുടരും: കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ appeared first on .