കോട്ടയം: പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു. മീനച്ചിലാര്‍ കരകവിഞ്ഞതോടെ റിവര്‍വ്യൂ റോഡ് പൂര്‍ണ്ണമായുംമുങ്ങി. റോഡരുകിലെ കടകളില്‍ വെള്ളം കയറി. കഴിയുന്നത്ര സാധനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. രാവിലെ കയറാത്ത മേഖലകളിലും ഉച്ചയോടെ വെള്ളം കയറി. വെള്ളംവരവ് കൂടുതലാണ്. 2018 ല്‍ പോലും പാലാ നഗരത്തില്‍ ഇത്രയും വെള്ളം കയറിയിരുന്നില്ല. പൂഞ്ഞാര്‍ഭാഗത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായത് വെള്ളപ്പൊക്കം കൂട്ടാന്‍ ഇടയാക്കി.
പാലാ കുരിശുപള്ളിക്കവല മുതല്‍ റിവര്‍വ്യൂ ജംഗ്ഷന്‍ റോഡ്, കൊട്ടാരമറ്റം, മുരിക്കുംപുഴ പ്രദേശങ്ങള്‍ കനത്ത വെള്ളക്കെട്ടിലാണ്. ബസുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും പലയിടത്തും വെള്ളക്കെട്ടുമൂലം സര്‍വീസ് തടസപ്പെട്ടു. കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ പലയിടങ്ങളില്‍ നിറുത്തിയിട്ടിരിക്കുകയാണ്. മഴ തത്കാലം മാറി നില്‍ക്കുന്നത് നേരിയ ആശ്വാസമാണ്.