വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ഒരു വര്‍ഷത്തില്‍ ആറാണു ഋതുക്കള്‍. ഓരോരോ ഋതു അനുസരിച്ച് ജീവിതശൈലിയില്‍ ആയുര്‍വേദം മാറ്റം നിര്‍ദ്ദേശിക്കുന്നുണ്ട്. ഋതുചര്യ എന്നാണ് ഇതിന് പറയുക. ഓരോ ഋതുവിലും അന്തരീക്ഷസ്ഥിതി മാറും. ഇതിനാലാണ് ആചാര്യന്മാര്‍ കര്‍ക്കടകത്തില്‍ ആയുര്‍വേദത്തിലൂടെ ശാരീരികാരോഗ്യവും രാമായണ പാരായണത്തിലൂടെ മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ഉപദേശിച്ചത്.
ആയുര്‍വേദത്തിന്റെ മഹിമ ഔഷധസേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാകുന്നത് കര്‍ക്കടകത്തിലാണ്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന മാസമാണ് കര്‍ക്കടകം.
പ്രകൃതിദത്ത ഔഷധത്തിലൂടെയും യോഗ, ധ്യാനങ്ങളിലൂടെയും ജീവിതശൈലി രോഗങ്ങളെ മറികടക്കാനും മാനസ്സിക സമ്മര്‍ദ്ദം കുറയ്‌ക്കാനും ത്രിദോഷങ്ങളെ(വാതം പിത്തം, കഫം) നിയന്ത്രിക്കാനും ഉത്തമമാണ് കര്‍ക്കടകത്തിലെ ആയുര്‍വേദ ചികിത്സ. ആയുര്‍വേദത്തില്‍ കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ശല്യചികിത്സ, ഊര്‍ദ്ധ്വാംഗചികിത്സ, ദംഷ്‌ട്രചികിത്സ, ജരാചികിത്സ, വിഷചികിത്സ എന്നിവ പ്രത്യേകമുണ്ട്. ഇവയ്‌ക്കൊപ്പം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സ (വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം) എന്നിവയുമുണ്ട് ഇങ്ങനെ ആയുര്‍വേദം ആന്തരിക ശരീര ശുചീകരണവും മാനസിക സുഖവും ഉറപ്പാക്കുന്നു.
ആഹാരമാണ് ഔഷധം എന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്‌സ്. ആഹാരം വിഷമയമായാല്‍ ആരോഗ്യം തകരാറിലാകും. ആയുര്‍വേദം ചികിത്സാസമ്പ്രദായത്തെക്കാള്‍ ഒരു ജീവിതചര്യ കൂടിയാണ്. മരുന്ന് കഞ്ഞി, പത്തില തോരന്‍ ഔഷധപ്രയോഗങ്ങള്‍, ആഹാരം, തേച്ചുകുളി, ശിരോധാരാ, നക്രധാര, ഉഴിച്ചില്‍, പിഴിച്ചില്‍, വ്യായാമം, ശോധനചികിത്സ, ധാര, നസ്യം, തര്‍പ്പണം, ഉദ്വര്‍ത്തനം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ എല്ലാവിധ ആരോഗ്യ സംരക്ഷണവും കര്‍ക്കടക ചികിത്സയില്‍ ആയുര്‍വേദം നല്‍കുന്നുണ്ട്.
ആയുര്‍വേദത്തിലെ യമ-നിയമങ്ങള്‍ പരിശീലിച്ചാല്‍ ആത്മീയ പുരോഗതിയും നേടാം. തുടര്‍ച്ചയായ വളര്‍ച്ചയാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന സ്വഭാവം. രോഗപ്രതിരോധ, വിഷവിമുക്ത ദഹന പ്രക്രിയയാണ് ആയുര്‍വേദ കര്‍ക്കടക ചികിത്സ നല്‍കുന്നത്.