• Fri. May 22nd, 2026

24×7 Live News

Apdin News

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

Byadmin

May 22, 2026


തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറിയതോടെ പിണറായി വിജയന് നല്‍കിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച്‌ ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്‌ഒമാരെ അനുവദിച്ചിട്ടുണ്ട്.

എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്‌ക്കായി പോലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. നവകേരള യാത്രയ്‌ക്കിടെ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെയാണ് പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. സന്ദീപ് തിരികെ പോലീസിലേക്ക് മടങ്ങി. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്.

2023 ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അകമ്പടി വാഹനത്തിലെ ഗൺമാൻമാർ പൊതിരെ തല്ലിയത്. എ.ഡി. തോമസിനും അജയ് ജ്യുവൽ കുര്യാക്കോസിനും തലയ്‌ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റ സംഭവത്തിൽ കോടതിയെ സമീപിച്ച് രജിസ്റ്റ‌ർ ചെയ്യിച്ച കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലും രാഷ്‌ട്രീയ സ്വാധീനവും കാരണം അട്ടിമറിക്കപ്പെടുകയായിരുന്നു.

മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായെങ്കിലും തെളിവില്ലെന്ന പേരിൽ ഡിവൈ.എസ്.പിയുടെ റഫർ റിപ്പോർട്ടിന് ശേഷമാണ് ദൃശ്യങ്ങൾ പരിശോധിച്ച ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 നവംബറിൽ കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.



By admin