• Fri. May 22nd, 2026

24×7 Live News

Apdin News

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Byadmin

May 22, 2026



തൃശൂര്‍: വന്ദേമാതരം പാടിയത് വിവാദമാക്കുന്നവര്‍ ചെയ്യുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം. താന്‍ അറിഞ്ഞിട്ടല്ല വന്ദേമാതരം പാടിയത് എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയും ദേശീയഗീതത്തെയും ഭരണഘടനയെയും അവഹേളിക്കുന്നത്.

1950 മുതല്‍ വന്ദേമാതരം ഭാരതത്തിന്റെ ദേശീയഗീതവും ദേശീയഗാനമായ ജനഗണമനയുടെ തുല്യമായ പദവിയുള്ളതുമാണ്. 1950 ജനുവരി 24 നാണ് വന്ദേമാതരം ദേശീയഗീതമായി പ്രഖ്യാപിക്കപ്പെട്ടത്. ദേശീയഗാനം പോലെ തന്നെ ദേശീയ ഗീതവും ആദരപൂര്‍വ്വം ആലപിക്കേണ്ടതാണെന്നും അപമര്യാദയായി പെരുമാറുന്നത് നിയമപരമായി കുറ്റമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ഭരണഘടന നിര്‍മാണ സഭയുടെ അധ്യക്ഷനും ആദ്യത്തെ രാഷ്‌ട്രപതിയുമായ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് വന്ദേമാതരം ദേശീയഗീതമായി പ്രഖ്യാപിച്ചു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 51 (എ) പ്രകാരമുള്ള മൗലിക കടമകളുടെ ഭാഗമായി ദേശീയഗീതത്തെ ആദരിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

1950ന് മുമ്പ് തന്നെ സ്വാതന്ത്ര്യസമര സേനാനികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വന്ദേമാതരത്തെ ദേശീയഗീതമായി സ്വീകരിച്ചിരുന്നു. 1876ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. 1882ല്‍ അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. 1896ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി രവീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരം ആലപിച്ചു. 1905ലെ വാരാണസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാജ്യവ്യാപകമായി എല്ലാ സമ്മേളനങ്ങളിലും വന്ദേമാതരം ആലപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

അതേവര്‍ഷം ബംഗാള്‍ വിഭജനത്തിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റത്തിന്റെ മുദ്രാവാക്യവും വന്ദേമാതരം ആയിരുന്നു. വൈസ്രോയി ലോര്‍ഡ് കഴ്‌സണ്‍ വന്ദേമാതരം നിരോധിച്ചു. ബിപിന്‍ ചന്ദ്രപാലും അരവിന്ദ്‌ഘോഷും ചേര്‍ന്ന് വന്ദേമാതരം എന്ന പേരില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഗ്ലീഷ് പത്രം ആരംഭിച്ചു. 1907ല്‍ മാഡം ബിക്കാജി കാമ രൂപകല്‍പന ചെയ്ത ത്രിവര്‍ണ ദേശീയ പതാകയില്‍ വന്ദേമാതരം ആലേഖനം ചെയ്തിരുന്നു. 1909 ല്‍ തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമര സേനാനി മദന്‍ലാല്‍ ധിന്‍ഗ്രാ അവസാനമായി വിളിച്ചത് വന്ദേമാതരം എന്ന മുദ്രാവാക്യമാണ്. 1912 ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വന്‍ ജനാവലി വന്ദേമാതരം ആലപിച്ച് സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐഎന്‍എ വന്ദേമാതരം ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്തു. ആസാദ് ഹിന്ദ് പ്രവിശ്യയില്‍ വന്ദേമാതരം ഔദ്യോഗിക ഗീതമായി. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മുസ്ലിംലീഗ് മാത്രമാണ് വന്ദേമാതരത്തെ എതിര്‍ത്തത്. ആ നിലപാട് പിന്നീട് ഇന്ത്യ വിഭജനത്തിന് കാരണമാവുകയും ചെയ്തു. മുസ്ലിംലീഗിന്റെ അന്നത്തെ നിലപാടാണ് ഇന്ന് കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കുന്നത്.

ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനയിലും ഇത്രയും പ്രാധാന്യമുള്ള വന്ദേമാതരത്തെ അപമാനിക്കുന്നത് ചരിത്ര നിരാസമാണ്. ഈ നിലപാട് ഭരണഘടനാ ചുമതലയുള്ളവര്‍ തന്നെ പുലര്‍ത്തുന്നത് സങ്കീര്‍ണമായ നിയമ നടപടികള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

By admin