• Mon. Nov 16th, 2026

24×7 Live News

Apdin News

പേരിൽ സുഗന്ധം, ഉള്ളിൽ വീര്യമേറിയ ലഹരി; രാമപുരം കവല കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന സജീവം

Byadmin

Nov 16, 2026



പാലാ: തൊടുപുഴ റോഡിൽ രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പിഴക്–രാമപുരം കവല കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരിവസ്തുക്കളുടെയും വിൽപ്പന വ്യാപകമാകുന്നതായി ആക്ഷേപം. ‘സുഗന്ധ മുറുക്കാൻ’ എന്ന പേരിലാണ് വീര്യം കൂടിയ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അന്യസംസ്ഥാനക്കാരാണ് പ്രധാനമായും വിൽപ്പനയ്‌ക്ക് പിന്നിലെന്നും പറയുന്നു.

ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങാനെത്തുന്നതോടെ പ്രദേശത്ത് മദ്യ-മയക്കുമരുന്ന് വിൽപ്പനയും സജീവമായിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. സന്ധ്യയാകുന്നതോടെ അപരിചിതരായ നിരവധി പേരാണ് ഈ ഭാഗങ്ങളിൽ എത്തുന്നത്. പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

ഇവിടെയെത്തുന്ന വാഹനങ്ങളിൽ പലതിനും നമ്പർ പ്ലേറ്റുകളില്ലെന്നും ചില വാഹനങ്ങളിൽ വ്യാജ ആർ.സി. രജിസ്ട്രേഷൻ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. പ്രദേശത്തെ ലഹരി വിൽപ്പനയും സംശയാസ്പദമായ വാഹനങ്ങളുടെ സഞ്ചാരവും തടയാൻ പോലീസ് നിരീക്ഷണവും രാത്രികാല പട്രോളിങ്ങും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin