
പനാജി: ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇന്ന് മത്സരം. എവേ മാച്ചില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ വൈകീട്ട് അഞ്ചിന് അവരുടെ തട്ടകം ഫറ്റോര്‍ഡയിലാണ് പോരാട്ടം. ഇരു ടീമുകളുടെയും സീസണിലെ അഞ്ചാം റൗണ്ട് പോരാട്ടമാണിത്.
മുംബൈ സിറ്റി എഫ്സിക്കും ചെന്നൈയിന്‍ എഫ്സിക്കുമെതിരെ തുടര്‍ച്ചയായി വഴങ്ങിയ ഗോള്‍രഹിത സമനിലകള്‍ക്ക് ശേഷം, വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡും സംഘവും ഗോവയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിരോധ നിരയുടെ കരുത്ത് തെളിയിക്കാന്‍ സാധിച്ചെങ്കിലും മുന്നേറ്റനിരയില്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടേണ്ടതുണ്ടെന്ന് ടീമിനറിയാം. ഇടവേളയില്‍ ലഭിച്ച പരിശീലന സമയം കൃത്യമായി പ്രയോജനപ്പെടുത്തി മികച്ച ഫോമിലുള്ള ഗോവയ്‌ക്കെതിരെ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
മറുവശത്ത് ബെംഗളൂരു എഫ്സിയോടേറ്റ തോല്‍വിക്ക് ശേഷം ഇന്റര്‍ കാശി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എഫ്സി ഗോവ. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്തുള്ള ഗോവ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ശ്രമിക്കും.
Also Read: തങ്‌ബോയ് സിങ്‌തോ ബ്ലാസ്റ്റേഴ്സുമായി വേര്‍പിരിഞ്ഞു
‘എഫ്സി ഗോവ മികച്ചൊരു ടീമാണ്. ഇന്ത്യയില്‍ എവിടെയും എവേ മത്സരങ്ങള്‍ കളിക്കുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ അതൊന്നും ഒരു ഒഴികഴിവല്ല. ഞങ്ങളും മികച്ചൊരു ടീം തന്നെയാണ്. മനോഹരമായ ഫുട്‌ബോള്‍ കളിച്ച് വിജയം നേടാനാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. ഇടവേളയില്‍ മൂന്ന് ആഴ്‌ചയോളം മികച്ച പരിശീലനം നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നാല് അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം എല്ലാ ദിവസവും ടീം കഠിനമായി പരിശീലിച്ചിട്ടുണ്ട്. എതിരാളികളുടെ ശൈലിയെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്, എന്നാല്‍ ഞങ്ങളുടേതായ ശൈലിയിലൂടെ കളി നിയന്ത്രിക്കാനാണ് ശ്രമിക്കുക. ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മികച്ചൊരു മത്സരമായിരിക്കും നടക്കുക’ ഹെഡ് കോച്ച് -ആഷ്ലി വെസ്റ്റ്വുഡിന്റെ വാക്കുകള്‍.
‘മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിക്കളിക്കുന്ന എതിര്‍ താരങ്ങളെ തടയാന്‍ പ്രതിരോധ നിരയ്‌ക്കിടയിലെ കൃത്യമായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. പരസ്പരം കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പൊസിഷനുകള്‍ കൈവിടാതെയും കളിക്കാനാണ് ഒരു പ്രതിരോധ യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്-ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ജയിംസ് ബോള്‍ട്ടന്‍ പറഞ്ഞു.
മുംബൈ സിറ്റിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ നിര്‍ണായക സേവുകളിലൂടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയും ചെന്നൈയിനെതിരെയും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുകയും ചെയ്‌ത ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിന്റെ പ്രകടനം നിര്‍ണായകമാകും.