തൃശൂര്‍:പകല്‍പ്പൂരത്തിന്റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു.അടുത്ത തൃശൂര്‍ പൂരം അടുത്ത കൊല്ലം ഏപ്രില്‍ 17 ന്.
പകല്‍പ്പൂര ദിനം ദേശത്തിനുള്ളതാണ്.രാവിലെ ഏഴരയോടെ മണികണ്ഠനാലില്‍ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എറണാകുളം ശിവകുമാര്‍ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റി എഴുന്നള്ളി. കിഴക്കൂട്ട് അനിയന്‍മാരാര്‍ മേളപ്രമാണിയായി. പത്തുമണിയോടെ ശ്രീമൂല സ്ഥാനം പന്തലിലേക്ക്. രണ്ടു മണിക്കൂര്‍ നീണ്ട കൊട്ടിക്കലാശം.
നായ്‌ക്കനാലില്‍ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റി തിരുവമ്പാടി ഭഗവതി എഴുന്നള്ളി. ചെറുശേരി കുട്ടന്‍ മാരാര്‍ മേള പ്രമാണിയായി.പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂല സ്ഥാനം പന്തലിലേക്ക്.ആദ്യം മേളം കലാശിച്ചത് പാറമേക്കാവ്. പടിഞ്ഞാറെ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടിക്കായുള്ള കാത്തിരിപ്പ്. മേളം കലാശിച്ച് പടിഞ്ഞാറേ നടയിലേക്ക് എത്തിയ തിരുവമ്പാടി വടക്കുന്നാഥനെ വണങ്ങാന്‍ ക്ഷേത്ര അകത്ത് കയറി. പാറമേക്കാവ് നടുവിലാല്‍ ഗണപതിയെ വണങ്ങാനായി താഴേക്കും വന്നു. ഇരുഭഗവതിമാരും തിരിച്ചെത്തി പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു.