• Sun. May 3rd, 2026

24×7 Live News

Apdin News

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Byadmin

May 3, 2026


1875 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച കാള്‍ ഗസ്റ്റവ് യുങ് ലോകം അറിയുന്ന മാനസിക രോഗ വിദഗ്ധനാണ്. സൂറിച്ചിലെ മനോരോഗാശുപത്രിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്ന കാലത്ത് യുങ്, ഫ്രോയിഡുമായി സൗഹൃദയത്തിലായി. അവര്‍ വളരെക്കാലം മനഃശാസ്ത്രപരമായ പല ധാരണകളും പരസ്പരം പങ്കിട്ടിരുന്നു. മനഃശാസ്ത്രത്തില്‍ വഴിത്തിരിവായിരുന്ന തന്റെ പുതിയ അപഗ്രഥന രീതിയെ അവലംബിച്ചുള്ള മനോരോഗ ചികിത്സാ പദ്ധതിയില്‍ യുങ് തന്റെ സഹകാരിയും പിന്‍ഗാമിയും ആയിരിക്കുമന്ന് ഫ്രോയിഡ് പ്രതീക്ഷിച്ചിരുന്നു. ഫ്രോയിഡ് 1910 ല്‍ ജര്‍മനിയില്‍ സ്ഥാപിച്ച ‘ഇന്റര്‍നാഷണല്‍ സൈക്കോഅനലിറ്റിക്കല്‍ അസോസിയേഷന്‍’ എന്ന സ്ഥാപനത്തില്‍ യുങ്ങിനെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. പക്ഷേ യുങ്ങിന് അധികനാള്‍ അതില്‍ തുടരാനായില്ല. കാരണം തന്റെ ഗവേഷണങ്ങളും വ്യക്തിപരമായ നിരീക്ഷണങ്ങളും പല വിധേനയും ഫ്രോയിഡിന്റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ അവര്‍ പിരിഞ്ഞു. ഫ്രോയിഡിന്റെ ‘സൈക്കോ അനാലിസിസി’ന്റെ വ്യവസ്ഥയില്‍ നിന്നു വ്യത്യസ്തമായി ‘അനലിറ്റിക്കല്‍ സൈക്കോളജി’ എന്ന പേരില്‍ കൂടുതല്‍ ആഴവും വ്യാപ്തിയുമുള്ള ഒരു സമ്പ്രദായം യുങ് സ്ഥാപിക്കുകയും ചെയ്തു.

ഫ്രോയിഡിന്റെയും യുങ്ങിന്റെയും ചിന്താഗതിയില്‍ അടസ്ഥാനപരമായിത്തന്നെ വലിയ അന്തരമുണ്ട്. നിരീശ്വരവാദിയായിരുന്ന ഫ്രോയിഡിനെ സംബന്ധിച്ച് ഈശ്വരവിശ്വാസം മനുഷ്യരില്‍ പൊതുവെ കാണുന്ന ഒരു ന്യൂറോസിസ് ആണ്. അമിതമായ ഭയാശങ്കകളും ഉത്കണ്ഠയും നിമിത്തം മതത്തെ ആശ്രയിക്കുന്ന അവസ്ഥയാണത്.  ദോഷകരമായ ഈ മിഥ്യാബോധം മനസ്സിന്റെ ഒരു ഭ്രമകല്‍പ്പനയാണ്. കുട്ടിക്കാലത്ത് ഈ മിഥ്യാബോധം ഉണ്ടാകുന്നതു മൂലം മനസ്സിന്റെ വളര്‍ച്ച മുരടിക്കുമെന്നാണ് ഫ്രോയിഡിന്റെ നിഗമനം. ഇവിടെ പ്രതിഫലിക്കുന്നത് മാര്‍ക്‌സിന്റെ സ്വാധീനവും ഫ്രോയിഡ്യന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ നിലപാടുകളുമാണ്. മാര്‍ക്‌സിന് മതം ഒരു മയക്കുമരുന്നാണല്ലോ. വില്‍ഹെം റൈഷ് മുതലായ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളുടെ അഭിപ്രായത്തില്‍, സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബൂര്‍ഷ്വാ ധാര്‍മികതയും ആത്മീയതയും കുട്ടികളിലെ ലൈംഗികത പോലുള്ള നൈസര്‍ഗിക വാസനകളെ അടിച്ചമര്‍ത്തുന്നതിലൂടെ അവരുടെ വിപ്ലവ വീര്യത്തെ കെടുത്തുകയും അത് മാനസിക വൈകല്യത്തിന് കാരണമാവുകയും ചെയ്യുന്നു. ഇവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് യുങ്ങിന്റെ നിലപാട്.

യുങ് ഒരു പരമ്പരാഗത മതവിശ്വാസിയായിരുന്നില്ലെങ്കിലും സത്യാന്വേഷിയായിരുന്നു. യാഥാര്‍ത്ഥ്യം അറിയാനുള്ള മനസ്സിന്റെ ശക്തമായ അഭിവാഞ്ഛയായിട്ടാണ് യുങ് മതത്തെ കണ്ടിരുന്നത്. ഇതുതന്നെയായിരുന്നു മാനസികാപഗ്രഥന വിഷയത്തിലും യുങ് പുലര്‍ത്തിയിരുന്ന രീതിയും നിഷ്ഠയും. ഇക്കാരണത്താലാണ് ക്രൈസ്തവനായിരുന്ന യുങ് ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ പൗരസ്ത്യ മതങ്ങളെ പഠിക്കുകയും, ഭാരതവും ചൈനയും ശ്രീലങ്കയും സന്ദര്‍ശിക്കാന്‍ തല്‍പ്പരനാവുകയും ചെയ്തത്. 1937-38ല്‍ ‘ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സി’ന്റെ ക്ഷണമനുസരിച്ച് യുങ് ഭാരതം സന്ദര്‍ശിച്ച വേളയില്‍ ഏതാണ്ട് മൂന്നുമാസക്കാലം ഇവിടെ താമസിച്ച് ഭാരതീയ ദര്‍ശനങ്ങള്‍ പഠിക്കാന്‍ സമയം ചെലവാക്കി. ബംഗാളില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ബേലൂര്‍ മഠം സന്ദര്‍ശിച്ച യുങ് അവിടത്തെ ശ്രീരാമകൃഷ്ണന്റെ വിഗ്രഹത്തില്‍ വളരെയധികം ആകൃഷ്ടനായെന്നും പറയപ്പെടുന്നു. യുങ്ങിന്റെ നിരീക്ഷണത്തില്‍ ദൈവം ഒരു നിഗൂഢതയാണ്. നമ്മള്‍ അതിനെക്കുറിച്ച് പറയുന്നതെല്ലാം പ്രതീകാത്മകമാണ്. ഭാരത സമൂഹം അതിന്റെ തനതായ സാംസ്‌കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആധുനിക സമൂഹത്തിന്റെ പരിഷ്‌കൃത വശവും ഉള്‍ക്കൊള്ളുന്നത് അത്ഭുതാവഹമാണെന്നാണ് യുങ് അഭിപ്രായപ്പെട്ടത്.

മനസ്സിന്റെ ഘടന: ഫ്രോയിഡും യുങ്ങും

ഫ്രോയിഡ് മനസ്സിനെ മൂന്നു ഘടകങ്ങളായിട്ടാണ് അവതരിപ്പിച്ചത്: ഈഗോ, ഇഡ്, സൂപ്പര്‍ ഈഗോ എന്നിങ്ങനെ. ഇവയില്‍ ഈഗോ എന്നത് ബോധമനസ്സിന്റെ കേന്ദ്രമായും സ്വത്വബോധത്തിന് അടിസ്ഥാനമായും ഗണിക്കപ്പെടുന്നു. ഇഡ് ജന്മവാസനകളുടെയും ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും തലമാണ്. സാമൂഹിക നിയമങ്ങള്‍ക്കനുസരണം തെറ്റും ശരിയും ബോധ്യപ്പെടുത്തിക്കൊണ്ട് മനഃസാക്ഷിയെ പ്രവര്‍ത്തിപ്പിക്കുന്ന ആന്തരിക ശക്തിയാണ് സൂപ്പര്‍ ഈഗോ. ഇതിന്റെ പ്രവര്‍ത്തനം പൊതുവെ വ്യക്തി-താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. ഇത് അമിതമായാല്‍ വ്യക്തിയുടെ സ്വകാര്യ സന്തോഷങ്ങളെയെല്ലാം തടസ്സപ്പെടുത്തുക വഴി സ്വാഭാവിക മനഃസ്ഥിതിയെ തകര്‍ക്കുമെന്നാണ് ഫ്രോയിഡ് വാദിച്ചത്. ഫ്രോയിഡ് പലപ്പോഴും ഇഡിനെ ഉപബോധ മനസ്സിന്റെയോ അബോധമനസ്സിന്റെയോ ഭാഗമായിട്ടും പരിഗണിക്കാറുണ്ട്.

ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ജന്മവാസനകളടങ്ങുന്ന ഇഡില്‍ രണ്ടുതരം വാസനകളാണുള്ളത്. ഒന്ന് ഈറോസ്, മറ്റൊന്ന് തനാറ്റോസ്. ഈറോസ് ജീവിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രേരണയാകയാല്‍ അത് ജീവിതത്തെ നയിക്കുന്ന വാസനയാകുന്നു. തനാറ്റോസ് ജീവിതത്തെ ഇല്ലാതാക്കുന്ന അക്രമാസക്തിയാണ്. ഈറോസിന് ഊര്‍ജം പകരുന്ന ശക്തിയാണ് ‘ലിബിഡോ.’

ലിബിഡോയുടെ അടിസ്ഥാന സ്വഭാവം ലൈംഗിക തൃഷ്ണയാണെന്നാണ് ഫ്രോയിഡിന്റെ നിലപാട്. ഈഗോ ഈ ഊര്‍ജത്തെ സമൂഹം അംഗീകരിക്കുന്ന പ്രവൃത്തികളിലേക്ക് വഴിതിരിച്ച് വിടുന്നു. സമൂഹം നിശ്ചയിക്കുന്ന സന്മാര്‍ഗിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ലിബിഡോയെ നിയന്ത്രിക്കാനാണ് സൂപ്പര്‍ ഈഗോ ശ്രമിക്കുന്നത്. ലിബിഡോയെ അടിച്ചമര്‍ത്തുന്നതു മൂലമാണ് മാനസിക സംഘര്‍ഷമുണ്ടാകുന്നതെന്നും അത് കൈകാര്യം ചെയ്യുന്നതില്‍ ഈഗോയും സൂപ്പര്‍ ഈഗോയും പരാജയപ്പെടുമ്പോഴാണ് മനസ്സ് രോഗാവസ്ഥയിലേക്ക് നീങ്ങുന്നതെന്നുമാണ് ഫ്രോയിഡിന്റെ നിഗമനങ്ങള്‍.
ഫ്രോയിഡന്റെ നിഗമനങ്ങളുടെ രത്‌നച്ചുരുക്കമിതാണ്: മനസ്സിന് പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നത് ഇഡില്‍ സ്ഥിതിചെയ്യുന്ന ജന്മവാസനകളാണ്. ഇവയില്‍ ജീവിയെ നിലനിര്‍ത്തുന്നത് ഈറോസാണ്. ഇതിനെ പ്രവര്‍ത്തിപ്പിക്കുന്നത് ലിബിഡോ എന്ന ലൈംഗിക തൃഷ്ണയാണ്. അതിനാല്‍ ലൈംഗികതയാണ് മനോവൃത്തികളുടെ പിന്നിലെ പ്രധാന ചോദന. സാമൂഹിക അംഗീകാരത്തിനു വേണ്ടി ഇതിനെ വഴിതിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ് ഈഗോയും സൂപ്പര്‍ ഈഗോയും. മനുഷ്യന്റെ പ്രകൃതത്തെക്കുറിച്ചുള്ള ഫ്രോയിഡിന്റെ ഈ വ്യാഖ്യാനം അടിസ്ഥാനപരമായി ഭൗതിക വാദമാണെങ്കിലും ആന്തരിക ചോദനയ്‌ക്ക് പ്രാധാന്യം നല്‍കുകവഴി വ്യക്തിനിഷ്ഠമാക്കിയതിനാലാണ് അതിന് പരമ്പരാഗത മാര്‍ക്‌സിസത്തെക്കാള്‍ കൂടുതല്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തോട് സഖ്യം ചേരാനായത്.

യുങ്ങിന്റെ ഗതിമാറ്റവും ഇന്‍ഡിവിജ്വേഷനും

ഫ്രോയിഡ് നിശ്ചിതപ്പെടുത്തിയ മനസ്സിന്റെ ഘടന യുങ് സ്വീകരിക്കുന്നില്ല. പകരം മറ്റൊരു രീതിയിലാണ് യുങ് മനസ്സിനെ അപഗ്രഥിച്ചത്. ‘ഈഗോ’ അഥവാ അഹംബോധമടങ്ങുന്ന ബോധതലം. ‘പെഴ്‌സണല്‍ അണ്‍കോണ്‍ഷ്യസ്’ അഥവാ വൈയക്തിക അബോധം. ‘കളക്ടിവ് അണ്‍കോണ്‍ഷ്യസ്’ അഥവാ സമാഹൃത അബോധം എന്നിങ്ങനെ മൂന്നു തലങ്ങളായിട്ടാണ് മാനസിക ഘടകങ്ങളെ യുങ് വേര്‍തിരിച്ചത്. ഇവയില്‍ ബോധമനസ്സ് അഹംബോധത്തില്‍ കേന്ദ്രീകരികൃതമായിക്കൊണ്ട് ഇന്ദ്രിയാനുഭൂതങ്ങളോട് സദാ പ്രതികരിച്ചുകൊണ്ടിരിക്കുന്ന തലമാണ്. യുങ് അബോധമനസ്സിനെ വൈയക്തികാബോധം, സമാഹൃതഅബോധം എന്നിങ്ങനെ രണ്ട് തലങ്ങളായി കാണുന്നു.

ഫ്രോയിഡ് ലിബിഡോ അഥവാ ജീവല്‍ ശക്തിയെ ലൈംഗിക സ്വഭാവമുള്ള ഊര്‍ജമാക്കി ചുരുക്കി. പക്ഷേ യുങ് ലിബിഡോയെ മനുഷ്യന്റെ പൊതുവായുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഊര്‍ജം പകരുന്ന പ്രാണശക്തിയായിട്ടാണ് ഗണിച്ചത്. ഈ അടിസ്ഥാന ഊര്‍ജത്തെ ആശാസ്യമായ വിചാര-വികാരങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും സന്നിവേശിപ്പിക്കുക വഴി വ്യക്തികള്‍ വികാസം നേടുന്നത് മനുഷ്യരുടെ മാനസിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നതാണ് യുങ്ങിന്റെ നിരീക്ഷണം.

സ്മൃതിപഥത്തില്‍ നിന്നു മറഞ്ഞ അനുഭവങ്ങള്‍, ബോധമനസ്സിനെ സൂക്ഷ്മമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന വികാര-വിചാരങ്ങള്‍, അനാശാസ്യമെന്നു കരുതി ഒളിപ്പിച്ചുവയ്‌ക്കുന്ന വിചാര-വികാരങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട താല്‍പ്പര്യങ്ങള്‍ അനുഭവങ്ങള്‍ എന്നിവയടങ്ങുന്നതാണ് വൈയക്തിക അബോധം. ഇത് ഓരോ വ്യക്തിക്കും തികച്ചും സ്വകാര്യമായിട്ടുളള മാനസിക തലമാണെന്നാണ് യുങ്ങിന്റെ സിദ്ധാന്തം. യുങ്ങിന്റെ അഭിപ്രായത്തില്‍ ഈ വൈയക്തിക അബോധമുള്‍ക്കൊള്ളുന്ന വിചാര-വികാരങ്ങളുടെ ശക്തിയേറിയ ഊര്‍ജശേഖരത്തെ വ്യക്തിക്ക് അനുകൂലവും പൊതുവെ അഭിലഷണീയവുമായ രീതിയില്‍ ഉദാത്തവല്‍ക്കരിക്കാവുന്നതാണ്. ഈ പ്രക്രിയയെ ‘ഇര്‍ഡിവിജ്വേഷന്‍’ അഥവാ വ്യക്തിത്വരൂപീകരണം എന്നാണ് യുങ് വിവക്ഷിക്കുന്നത്.

യുങ് പ്രസിദ്ധപ്പെടുത്തിയ ‘ഇന്‍ഡിവിജ്വേഷന്‍’ എന്ന ആശയം ഒരു വ്യക്തിവികാസ സിദ്ധാന്തമാകുന്നു. മനുഷ്യന്റെ പ്രയത്‌നം കൊണ്ട് അയാളുടെ ബോധമനസ്സിന്റെ നിലവാരം ഉയര്‍ത്താനും അതിനെ വികസിപ്പിക്കാനും സാധിക്കുമെന്നതാണ് ഇതിലെ പ്രധാന സന്ദേശം. ഇതിനായി അബോധത്തില്‍ ഒളിഞ്ഞുകിടക്കുന്ന വിചാര-വികാരങ്ങളുടെ ഊര്‍ജത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതിയാകും. ഇപ്രകാരം ബോധമനസ്സും അബോധവും തമ്മിലുള്ള വിടവും സംഘര്‍ഷവും ഇല്ലാതാക്കാനും, ബോധമനസ്സിനെ കൂടുതല്‍ ബലപ്പെടുത്താനും വികസിപ്പിക്കാനും സാധിക്കുമെന്നാണ് യുങ്ങിന്റെ വാദം. ബോധം, അബോധം എന്ന നിലകളില്‍ വര്‍ത്തിക്കുന്ന മനസ്സിന്റെ രണ്ട് തലങ്ങളെയും ഒന്നിപ്പിച്ച് സമഗ്രമാക്കുന്ന പ്രക്രിയയാണ് യുങ് നിര്‍ദ്ദേശിക്കുന്ന ‘ഇന്‍ഡിവിജ്വേഷന്‍.’ ഇത് മനസ്സിന് ആരോഗ്യം പ്രദാനം ചെയ്യുമെന്ന് മാത്രമല്ല, മനസ്സിന്റെ വികാസത്തിനും ഉപകാരപ്രദമാകുന്നു.

യുങ്ങിന്റെ വ്യാഖ്യാനത്തില്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം മനസ്സിന്റെ ശകലിതാവസ്ഥയല്ല. മറിച്ച്, ബോധമനസ്സിന് അബോധ മനസ്സിനെ ഹിതകരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിലൂടെ നടപ്പാകുന്ന അവയുടെ സമഗ്രതയാണ് സ്വത്വത്തെ നിര്‍ണയിക്കുന്നത്. മനുഷ്യന്റെ സ്വത്വം നിശ്ചയിക്കുന്നതില്‍ ഫ്രോയിഡിന് സംഭവിച്ചത് വലിയ പരാജയമായിരുന്നു. അന്തരംഗത്തെ ഈഗോ, ഇഡ്, സൂപ്പര്‍ ഈഗോ എന്നിങ്ങനെ വകതിരിച്ച് നിര്‍ത്തിയതു മൂലം മനുഷ്യന്റെ നിശ്ചിത സ്വത്വമെന്തെന്ന് വെളിപ്പെടുത്താന്‍ ഫ്രോയിഡിന് കഴിഞ്ഞില്ല. എന്നാല്‍ യുങ്ങിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. ഫ്രോയിഡ് കൂടുതല്‍ ശ്രദ്ധവച്ചത് അബോധം വ്യക്തിയുടെ മേല്‍ ചെലുത്തുന്ന അനിയന്ത്രിതവും ദോഷകരവുമായ സ്വാധീനങ്ങളിലും അവയ്‌ക്ക് കാരണമാകുന്ന അടിച്ചമര്‍ത്തലിലുമാണ്. കാരണം ഫ്രോയിഡ് ഒരു മനോരോഗ ഗവേഷകനും
ചികിത്സകനും മാത്രമാകുന്നു. എന്നാല്‍ യുങ് ഇവയ്‌ക്കപ്പുറം, മനുഷ്യന്റെ വ്യക്തിത്വത്തെ ഗുണപ്രദമാകുന്ന രീതിയില്‍ എപ്രകാരം രൂപപ്പെടുത്താമെന്ന കാര്യത്തിലാണ് ബദ്ധശ്രദ്ധനായത്.

അടുത്തത്: യുങ്ങിന്റെ സ്വത്വസാക്ഷാല്‍ക്കാരവും ഭാരതീയ ദര്‍ശനവും

 



By admin