
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏതു വിധത്തിലുള്ള ചര്‍ച്ചയ്‌ക്കും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. നീറ്റ് പരീക്ഷയുടെ പേര് പറഞ്ഞ് പാറ്റാപ്പാര്‍ട്ടിയുടെ ലേബലില്‍ ഇസ്ലാമിക മതമൗലികവാദികളും അര്‍ബന്‍ നക്‌സലുകളും അരാജകവാദികളും ദല്‍ഹിയില്‍ നടത്തുന്ന അക്രമ സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുലും മറ്റും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സമരം നടത്തുകയുണ്ടായി. ഇവരുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നടത്തിയ കൂടിക്കാഴ്ചയില്‍, പാര്‍ലമെന്റില്‍ ചര്‍ച്ചയാവാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷ നേതാവു കൂടിയായ രാഹുല്‍ അംഗീകരിച്ചതാണ്. പിന്നീട് ഒരു കാരണവുമില്ലാതെ ഈ നിലപാടില്‍ നിന്ന് മാറുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മലക്കം മറിച്ചില്‍ നടന്നതെന്ന് ആരാഞ്ഞപ്പോള്‍ അങ്ങേയറ്റം ധിക്കാരപരമായും യാതൊരു നിലവാരമില്ലാതെയും പ്രതികരിക്കുകയാണ് ഈ നേതാവ് ചെയ്തത്.
കോണ്‍ഗ്രസിന്റെ നിരുത്തരവാദപരവും ധിക്കാരപരവുമായ ഈ നിലപാടാണ് പാര്‍ലമെന്റിലും പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുന്ന രീതിയില്‍ ഏതു വിഷയത്തെക്കുറിച്ചും ചര്‍ച്ച നടത്താമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും, ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡയും വ്യക്തമാക്കിയതാണ്. എന്നിട്ടും അത്യന്തം മോശമായി പെരുമാറി സഭ നടത്താന്‍ അനുവദിക്കാതിരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ച നടന്നാല്‍ സ്വന്തം മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയം ഇവര്‍ക്കുണ്ട്. അതുകൊണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക, ഒരു തരത്തിലും ഇതു സംബന്ധിച്ച ചര്‍ച്ച അനുവദിക്കാതിരിക്കുക. ഇതാണ് പ്രതിപക്ഷത്തിന്റെ തന്ത്രം. മുന്‍കാലങ്ങളിലും ഇതേ തന്ത്രമാണല്ലോ ഇവര്‍ പ്രയോഗിച്ചുകൊണ്ടിരുന്നത്.
വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ രാജ്യത്ത് ആദ്യമായല്ല ചോരുന്നത്. ബിജെപി ഭരണത്തില്‍ മാത്രം സംഭവിക്കുന്ന കാര്യവുമില്ല. ഇപ്പോഴത്തെ പ്രതിപക്ഷം ഭരണത്തില്‍ ഇരിക്കുമ്പോള്‍ കേരളത്തിലും കര്‍ണാടകയിലും തെലങ്കാനയിലും രാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലും ഹരിയാനയിലുമൊക്കെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടുണ്ട്. അന്നെല്ലാം നിശ്ശബ്ദത പാലിച്ചവരാണ് ഇപ്പോള്‍ വലിയ കോലാഹലം ഉണ്ടാക്കുന്നത്. കര്‍ഷക സമരത്തിലും ഷഹീന്‍ ബാഗ് സത്യഗ്രഹത്തിലും കണ്ടതുപോലെ പാറ്റപ്പാര്‍ട്ടിയുടെ സമരത്തിലും ചില വൈദേശിക ശക്തികള്‍ യുവാക്കളെ തെരുവിലിറക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നത്. പാര്‍ലമെന്റിനെയും ഇക്കൂട്ടര്‍ ഇതിന് വേദിയാക്കുന്നു. ഇവര്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും മാത്രമല്ല, ജനാധിപത്യത്തിന്റെയും, തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിന്റെയും ശത്രുക്കളാണ്. രാജ്യതാല്‍പ്പര്യം ഇവരെ തൊട്ടുതീണ്ടിയിട്ടില്ല.
പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ വര്‍ഷകാല സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്താന്‍ മറ്റൊരു കാരണവുണ്ട്. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല, അതുകൊണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് ഇതുവരെ സന്തോഷിക്കുകയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്നലെവരെ പ്രതിപക്ഷത്തായിരുന്ന ചില എംപിമാര്‍ കൂട്ടത്തോടെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയാണ്. പ്രതിപക്ഷത്തിന്റെ നേതൃനിരയിലുള്ള ശരത് പവാറിനെ പോലുള്ളവര്‍ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഭൂരിപക്ഷം എംപിമാരും സര്‍ക്കാരിനൊപ്പമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രൂപംകൊണ്ട പാര്‍ട്ടിയും മോദി സര്‍ക്കാരിനെയാണ് പിന്തുണയ്‌ക്കുന്നത്. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും ഉള്‍പ്പെടെയുള്ള നിര്‍ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഇതിലുള്ള നിരാശയും കൂടിയാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥി സമരം എന്ന പേരില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കാതിരുന്നാല്‍ നിരാഹാരം അവസാനിപ്പിക്കാം എന്നാണ് സോനം വാങ്ചുക് ഉപാധി വയ്‌ക്കുന്നത്. അന്വേഷിച്ചാല്‍ ഇക്കൂട്ടരുടെ കള്ളത്തരങ്ങളും രാജ്യദ്രോഹ മനോഭാവവും പുറത്തുവരും. ഇത് ഒഴിവാക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ഇത്തരം വേലത്തരങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍പില്‍ വിലപ്പോവില്ല. കര്‍ഷക സമരവും ഷഹീന്‍ ബാഗ് സത്യഗ്രഹവും നടത്തിയവര്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പാറ്റപ്പാര്‍ട്ടിക്കാരുടെയും, അവര്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരുടെയും തനിനിറം സര്‍ക്കാര്‍ പുറത്തുകൊണ്ടുവരും. ദേശസുരക്ഷയ്‌ക്ക് അത് ആവശ്യവുമാണ്.