ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രോഹിത് ശർമ്മ. മികച്ച ക്രിക്കറ്റ് ബ്രെയ്‌നുള്ള താരമെന്നാണ് ഗില്ലിനെ രോഹിത് വിശേഷിപ്പിച്ചത്. ഗിൽ ശരിയായ ദിശയിലാണ് മുന്നോട്ട് പോവുന്നതെന്നും രോഹിത് പ്രശംസിച്ചു.
‘മികച്ച ക്രിക്കറ്റ് ബ്രെയ്‌നുള്ള താരമാണ് ഗിൽ. ക്യാപ്റ്റനായി ഒരു വർഷം മാത്രം ആയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഇപ്പോഴേ വിലയിരുത്തുന്നത് അല്പം നേരത്തെയാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്. തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അതാണ് പ്രധാനമായും വേണ്ടത്. അദ്ദേഹം ശരിയായ ദിശയിലാണ് പോവുന്നത്’ രോഹിത് ശർമ്മ ജിയോ സ്റ്റാറിലൂടെ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഗിൽ ഇരട്ട സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 133 പന്തിൽ പുറത്താവാതെ 223 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 26 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം.
മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 39 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും ഗിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ മൂന്നിനാണ് നടക്കുന്നത്. ഈ മത്സരത്തിലും ഗില്ലിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.