• Fri. Oct 2nd, 2026

24×7 Live News

Apdin News

നിയമക്കുരുക്കഴിഞ്ഞ് കണ്ണൂർ സ്വദേശിനിയും 4 മക്കളും നാട്ടിലേക്ക് മടങ്ങി; കൈത്താങ്ങായി അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പും സാമൂഹിക കൂട്ടായ്മ ബികെഎസ്എഫും

Byadmin

Oct 2, 2026


മനാമ: സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും കാരണം നാട്ടിൽ പോകാനാകാതെ ബഹ്‌റൈനിൽ ദുരിതത്തിലായ കണ്ണൂർ സ്വദേശിനിയും നാല് കുഞ്ഞുങ്ങളും നാട്ടിലേക്ക് യാത്രയായി. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ സമാനതകളില്ലാത്ത മനുഷ്യത്വപരമായ നിലപാടുകളും ബികെഎസ്എഫിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ സാമൂഹിക സംഘടനകളും വ്യക്തികളും നടത്തിയ കൂട്ടായ ഇടപെടലുകളുമാണ് ഈ കുടുംബത്തിന് തുണയായത്.

കഴിഞ്ഞ നാല് വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം യാത്രവിലക്ക് നേരിട്ട യുവാവ്, ഒരു വർഷം മുമ്പാണ് ഭാര്യയെയും മൂന്ന് മക്കളെയും സന്ദർശക വിസയിൽ ബഹ്‌റൈനിൽ എത്തിച്ചത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ വിസ കാലാവധി തീരുകയും കുടുംബം പ്രയാസത്തിലാവുകയും ചെയ്തു. ഇതിനിടെ ഭാര്യ നാലാമതൊരു കുഞ്ഞിന് ജന്മം നൽകിയതോടെ കുടുംബം പൂർണ്ണമായും ദുരിതത്തിലായി.

സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകരായ അബൂബക്കർ പട്‌ല, ശിഹാബ് മരക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വഴി എമിഗ്രേഷൻ ക്ലിയറൻസിന് ശ്രമിച്ചപ്പോഴാണ് പ്രസവാനന്തര സാമ്പത്തിക ബാധ്യതയെ തുടർന്ന് സ്വകാര്യ ആശുപത്രി നൽകിയ കേസ് മൂലം ഭാര്യയ്ക്കും യാത്രവിലക്കുണ്ടെന്ന വിവരമറിയുന്നത്. തുടർന്ന് പ്രതിഭ, ICF, കണ്ണൂർ സിറ്റി കൂട്ടായ്മ, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം എന്നിവരുടെ സഹായത്താൽ ബികെഎസ്എഫും സിറാജ് മാമ്പയും ചേർന്ന് നൽകിയ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനാകാതെ വിഷയം കൂടുതൽ സങ്കീർണ്ണമായി.

ഈ ഘട്ടത്തിൽ സെപ്റ്റംബർ 7-ന് മനാമ കേ സിറ്റി ബിസിനസ്സ് സെന്ററിൽ സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സാമൂഹിക പ്രവർത്തകരുടെ യോഗം കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 12-ന് ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, അനസ് റഹീം എന്നിവർ അൽ ഹിലാൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ആസീഫുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഹോസ്പിറ്റൽ മാനേജ്‌മെന്റ്, അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയും കോടതി ഫീസും പൂർണ്ണമായും ഒഴിവാക്കി നൽകുകയും യാത്രവിലക്ക് നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു.

സെപ്റ്റംബർ 20-ന് BKSF മുഖാന്തിരം യാത്രാവിലക്ക് നീക്കുന്നതിനുള്ള കോടതി ഫീസ് അടയ്ക്കുകയും കുട്ടികളുടെ ഔട്ട് പാസ് പുതുക്കുകയും ചെയ്തു. മെഡ്‌ഹെൽപ്പ് ടീം ആവശ്യമായ മെഡിക്കൽ സഹായങ്ങളും മരുന്നുകളും നൽകിയപ്പോൾ, ജെ.പി. പ്രോപ്പർട്ടീസ് ടീമംഗങ്ങളായ പ്രനീഷ്, ജിതിൻ, അബ്ദുറഹിമാൻ എന്നിവർ താമസസൗകര്യം ഒരുക്കി നൽകി. ടിക്കറ്റുകൾ റീ-ഇഷ്യൂ ചെയ്യുന്നതിനായി ‘ഹോപ്പ് ബഹ്‌‌റൈൻ’ സാമ്പത്തിക സഹായവും ഭക്ഷണസാധനങ്ങളും നൽകി. എംബസി ഉദ്യോഗസ്ഥരും പൂർണ്ണ പിന്തുണ നൽകി.

എല്ലാ നിയമനടപടികളും പൂർത്തിയാക്കി സെപ്റ്റംബർ 29-ന് കുടുംബം നാട്ടിലേക്ക് തിരിച്ചു. സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, കെ.ടി. സലിം, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, അനസ് റഹീം, കാസിം പാടത്തകയിൽ, ലത്തീഫ് ആയഞ്ചേരി, അഷ്‌കർ പൂഴിത്തല, ലത്തീഫ് മരക്കാട്ട്, അഷറഫ് സി.എച്ച്, അൻവർ കണ്ണൂർ, സലിം നമ്പ്ര, ഷബീർ മാഹി, സിദ്ധീഖ് പി.വി. കണ്ണൂർ, ജമാൽ ഇരിങ്ങൽ, നവാസ് കുണ്ടറ, സൈഫ് അഴീക്കോട്, ഷഫീക്ക് ഭായ് സി.പി, ഷാജികുട്ടൻ, ബദ്റുദ്ധീൻ പൂവാർ, മജീദ് തണൽ, നുബിൻ അൻസാരി, സൈനുൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, ഷാജി മൂതല, ഖൈസ് കണ്ണൂർ, ഫൈസൽ മറീന, നജീബ് കണ്ണൂർ, അൻവർ ശൂരനാട്, ഷമീർ കൊല്ലം, റഫീക്ക് അബ്ദുള്ള, സിറാജ് മാമ്പ, ഫൈസൂക്ക് കണ്ണൂർ, കാസിം മലയിൽ, സത്യൻ പേരാമ്പ്ര, അബ്ദുറഹിമാൻ ചെക്യാട് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

വലിയൊരു സാമ്പത്തിക ബാധ്യത പൂർണ്ണമായി എഴുതിത്തള്ളി മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിനും കൈകോർത്ത മുഴുവൻ പ്രവാസി സംഘടനകൾക്കും പ്രവാസി സമൂഹം നന്ദി അറിയിച്ചു.

By admin