കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരിയാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കുമെന്നും സുകുമാരൻ നായർ വിമർശിച്ചു. പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് ബഡ്‌ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമർശനം.
സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് സതീശൻ മുമ്പ് നടത്തിയ പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും നൽകിയില്ല. സതീശൻ അഹങ്കാരിയാണ്. പണ്ട് പലതവണ എൻഎസ്‌എസ് ആസ്ഥാനത്തെത്തി എന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് പറഞ്ഞത് – സുകുമാരൻ നായർ പറഞ്ഞു. മുമ്പും വി ഡി സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.
കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അല്ലാതെ പുറത്താക്കിയതല്ല. വർഷങ്ങളായി ബോർഡിൽ സ്ഥാനം കിട്ടാത്തവരുണ്ട്. അവര്‍ക്ക് സ്ഥാനം കൊടുക്കണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ ഗണേഷിനു കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.