• Mon. Nov 16th, 2026

24×7 Live News

Apdin News

മുസ്ലിം ലീഗിന് വാരിക്കോരി, കോണ്‍ഗ്രസില്‍ മുഴുപ്പട്ടിണി

Byadmin

Nov 16, 2026



ബോര്‍ഡ്- കോര്‍പ്പറേഷനുകള്‍ വീതം വയ്‌ക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് അഞ്ച് മാസമായി. വിവിധ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് പദവികള്‍ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിതം വയ്‌ക്കുന്നത് വൈകിയെന്ന് കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് തന്നെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സതീശന്റെ ഏകാധിപത്യത്തിനെതിരെ എ ഗ്രൂപ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

ഭരണം മാറിയിട്ടും സര്‍ക്കാരുമായി ബന്ധപ്പെട്ട പല പദവികളിലും സിപിഎം നേതാക്കള്‍ തുടരുന്നത് കോണ്‍ഗ്രസ് നേതാക്കളില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. തങ്ങളെ ഒഴിവാക്കി സ്വന്തം ആളുകളെ പ്രതിഷ്ഠിക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്നും, ഇതിന്റെ ഭാഗമായാണ് സിപിഎമ്മുകാരെ പദവികളില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ കെപിസിസി യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചത് സ്ഥിതിവിശേഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇങ്ങനെ തുടരാന്‍ സതീശനെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. ഐ ഗ്രൂപ്പുകാരനാണെങ്കിലും ഇക്കാര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ പിന്തുണ എ ഗ്രൂപ്പിനുണ്ട്.

കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അധികാര വടംവലിക്ക് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. യുഡിഎഫിലും സര്‍ക്കാരിലും മുസ്ലിംലീഗ് ചെലുത്തുന്ന അമിത സ്വാധീനമാണത്. ബോര്‍ഡ്- കോര്‍പ്പറേഷനുകളില്‍ 22 എണ്ണമാണ് ലീഗിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സതീശന്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ആക്ഷേപമുണ്ട്. ഘടകകക്ഷിയായ ലീഗിന് കിട്ടുന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. അത് അവര്‍ പലതരത്തില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ലീഗിനോടുള്ള താല്പര്യം സ്വന്തം പാര്‍ട്ടിയോട് സതീശന്‍ കാണിക്കുന്നില്ല എന്നത് വാസ്തവമാണ്. ലീഗിനോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളിലും അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ എത്രയൊക്കെ ഒച്ചവെച്ചാലും മുഖ്യമന്ത്രി സതീശന്‍ വഴങ്ങാന്‍ പോകുന്നില്ല. ഈ സര്‍ക്കാര്‍ മുസ്ലിം ലീഗിന്റേതാണെന്ന് ഏറ്റവും നന്നായി അറിയാവുന്നയാള്‍ സതീശനാണ്. കോണ്‍ഗ്രസിന്റെ പ്രതിനിധിയായല്ല, ലീഗിന്റെ നോമിനിയായാണ് സതീശന്‍ മുഖ്യമന്ത്രിയായത്. ലീഗ് ആഗ്രഹിക്കുന്നിടത്തോളം മാത്രമേ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ കഴിയൂ. ലീഗിന്റെ അഭീഷ്ടമനുസരിച്ച് പെരുമാറാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഇതുകൊണ്ടാണ് ലീഗ് ആവശ്യപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമെ ഭരണപരിഷ്‌കാര കമ്മിഷന്‍ സ്ഥാനവും അവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലീഗിന് അറിയാം. ഹൈക്കമാന്‍ഡ് എന്നു പറഞ്ഞു നടക്കുന്നവരെ പോലും ലീഗ് വകവയ്‌ക്കുന്നില്ല.

കെപിസിസി അധ്യക്ഷ പദവി ആര്‍ക്കു നല്‍കണം എന്നതിനെച്ചൊല്ലിയും കോണ്‍ഗ്രസില്‍ കടുത്ത വടംവലി നടക്കുകയാണ്. സണ്ണി ജോസഫിന്റെ പകരക്കാരനായി ഈ സ്ഥാനത്ത് വരാന്‍ കുറഞ്ഞത് നാല് പേരെങ്കിലും ശ്രമിക്കുകയാണ്. ഇവര്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ആര് അധ്യക്ഷനായാലും പൊട്ടിത്തെറി ഉറപ്പാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. തമ്മില്‍ത്തല്ല് കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ്. ഭരണത്തിലുള്ളപ്പോള്‍ അതിന്റെ ശക്തി വര്‍ദ്ധിക്കും. ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴത്തെ രീതിയില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സതീശന് കഴിയില്ല.

By admin